അമ്പതും നൂറും ചേർന്ന് ആകെ അക്കൗണ്ടിലെത്തിയത് 20 ലക്ഷം രൂപ; ടിന്റു സണ്ണിയുടെ കൈപിടിച്ച് കേരളം

ഇടക്കൊക്കെ ചില തിരിച്ചടികൾ ഉണ്ടാവുമെങ്കിലും മലയാളികൾ സഹജീവി സ്നേഹത്തിൽ ഒറ്റക്കെട്ടാണ്. മറ്റെങ്ങനെയൊക്കെ വിമർശിച്ചാലും കൂട്ടത്തിലൊരാൾക്ക് സഹായം ആവശ്യമാണെന്ന് വിശ്വാസയോഗ്യമായ ഇടത്തു നിന്ന് വിവരം ലഭിച്ചാൽ നമ്മൾ മുണ്ടു മുറുക്കിയുടുത്ത് അങ്ങിറങ്ങും. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടിൻ്റു സണ്ണി എന്ന യുവതി.
Read Also : ‘കുങ്കുമപ്പൂവ് കഴിക്ക്, അല്ലെങ്കിൽ കുഞ്ഞ് കറുത്തുപോകും’; ആളുകളുടെ വർണവെറിയെപ്പറ്റി യുവതിയുടെ തുറന്നെഴുത്ത്
ബ്ലഡ് കാൻസർ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള എറണാകുളം ഏരൂർ സ്വദേശിനി ടിന്റു സണ്ണി(34) യുടെ 50/- രൂപയെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയൊരു സഹായമാകും എന്നായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. നടൻ സണ്ണി വെയിൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് നമ്മൾ അമ്പതും നൂറും ആയിരവുമൊക്കെ നൽകി ഇപ്പോൾ ടിൻ്റു സണ്ണിയുടെ ചികിത്സക്ക് ആകെ ലഭിച്ചിരിക്കുന്നത് 20 ലക്ഷം രൂപയാണ്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്.
Read Also : 8 വയസ് മുതൽ ജീവിതം ആശുപത്രികളിൽ; ഇരു വൃക്കകളും തകരാറിലായ യുവതിക്ക് വേണം നമ്മുടെ കൈതാങ്ങ്
സമീറ സനീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
10,000/- രൂപ രണ്ടു ദിവസം കൊണ്ട് 20 ലക്ഷം രൂപ ആവുമോ ??
നമ്മളെല്ലാം സാമ്പത്തികമായും മാനസികമായും വളരെയധികം പ്രതിസന്ധിയിൽ കൂടി കടന്നുപോകുന്ന ഈ കോവിഡ് കാലത്തു നമുക്ക് ആർക്കും ഒട്ടും പരിചയമില്ലാത്ത ഒരു വ്യക്തിയ്ക്ക് ഒരു ഗുരുതര രോഗമാണെന്ന വിവരം അറിയുകയും അവർക്ക് 50 രൂപയെങ്കിലും ഗൂഗിൾ പേ ചെയ്യണം എന്നൊരു മെസ്സേജ് ലഭിച്ചാൽ വേണമെങ്കിൽ കൃത്യമായ ന്യായീകരണങ്ങളോടെ അതവഗണിക്കാമായിരുന്നു,പക്ഷേ 50/- രൂപ ചോദിച്ച സ്ഥാനത്ത് അഞ്ഞൂറും,ആയിരവും, പതിനായിരവും ലക്ഷവുമൊക്കെയായി അവരവരുടെ വീട്ടിലെ ഒരാളെപ്പോലെ ബ്ലഡ്‌ക്യാൻസർ ബാധിതയായ ടിന്റു സണ്ണി എന്ന യുവതിയെ നിങ്ങൾ ചേർത്ത് പിടിച്ചപ്പോൾ ജൂലൈ 28 ഉച്ച വരെ ആകെ കയ്യിലുള്ള 10,000/- രൂപയുമായി തിരുവനന്തപുരം RCC-യിൽ വിഷമിച്ചു നിന്ന അവരുടെ അക്കൗണ്ടിലേക്കു രണ്ട് ദിവസം കൊണ്ട് എത്തിയത് 20 ലക്ഷം രൂപയ്ക്കടുത്താണ് !
അങ്ങേയറ്റം പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യക്തിയെ ഒരു കുടുംബത്തെ കൈപിടിച്ചു കയറ്റാൻ ജാതി, മതം, രാഷ്ട്രീയം എന്നതൊന്നും ഒരു തടസ്സമേയല്ല എന്ന് ഒരുവട്ടം കൂടി മലയാളി തെളിയിച്ചിരിക്കുന്നു !
50/- രൂപ മുതൽ ലക്ഷങ്ങൾ വരെ അവരുടെ അക്കൗണ്ടിലേക്ക് നല്കിയവരുണ്ട്,ഒരു തുകയും ചെറുതല്ല കാരണം അതെല്ലാം ഹൃദയത്തിൽ നിന്നായിരുന്നു.
സഹകരിച്ച സഹായിച്ച എല്ലാവരോടും ആ കുടുംബത്തിന്റെ നന്ദിയും പ്രാർത്ഥനകളും അറിയിക്കുന്നു.
അതുപോലെ പ്രത്യേകം എടുത്തുപറയേണ്ട ഒരാളുണ്ട്, സിനിമാപ്രവർത്തകൻ എന്നതിലുപരി മികച്ച മനുഷ്യസ്നേഹി ആണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച പ്രിയ നടൻ,സുഹൃത്ത് സണ്ണി വെയ്ൻ,അദ്ദേഹം സ്വന്തം നിലയിൽ ആണ് ഫേസ്ബുക്ക് പേജ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയും ഈ മെസ്സേജ് ഒരുപാട് ആളുകളിലേക്ക് എത്തിച്ചത് !അദ്ദേഹത്തിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിഅറിയിക്കുന്നു.
മറ്റുള്ളവരുടെ പ്രശ്നങ്ങളും പ്രതിസന്ധിയും അവരവരുടേത് പോലെ കാണാൻ കഴിവുള്ള നിങ്ങളോരോരുത്തരുമാണ് ഇങ്ങനെയുള്ള വിഷയങ്ങളിൽ വീണ്ടും വീണ്ടും ഇടപെടാനും അതൊക്കെ പൊതുസമൂഹത്തിലേക്കെത്തിക്കാനും ഞങ്ങൾക്കുള്ള ഊർജ്ജം.
നിങ്ങളെല്ലാവരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ, ഈ കോവിഡ് കാലത്തെയും നമ്മൾ ഒരുമിച്ചതിജീവിക്കും.
ഏവർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൾ ആശംസകൾ.
❤️
സ്നേഹപൂർവ്വം
സമീറ സനീഷ്
Story Highlights – sameera saneesh facebook post tintu sunny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here