മാപ്പ്; ഇനി എല്ലാം ബിസിസിഐ പറയും പോലെ: കമന്ററി ഡ്യൂട്ടിയിൽ തിരികെ എടുക്കണമെന്ന ആവശ്യവുമായി മഞ്ജരേക്കർ

കമൻ്ററി ഡ്യൂട്ടിയിൽ തിരികെ എടുക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് മഞ്ജരേക്കറുടെ അഭ്യർത്ഥന. ബിസിസിഐയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും കഴിഞ്ഞ് പോയതിൽ മാപ്പ് നൽകണമെന്നും മഞ്ജരേക്കർ പറയുന്നു. ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ച് മഞ്ജരേക്കര്‍ ബിസിസിഐക്ക് ഇമെയില്‍ അയക്കുന്നത്.
“ഐപിഎൽ തിയതികൾ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ഉടൻ തന്നെ ബിസിസിഐ ടിവി കമൻ്ററി പാനലിനെ തെരഞ്ഞെടുക്കും. നിങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. എല്ലാത്തിലുമുപരി, നിങ്ങളുടെ പ്രൊഡക്ഷനിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. മുൻപ്, ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.”- ബിസിസിഐക്ക് അയച്ച മെയിലിൽ മഞ്ജരേക്കർ കുറിച്ചു.
ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കമൻ്ററി പാനലിൽ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരായ വിലക്ക് ബിസിസിഐ നീക്കുമെന്നാണ് വിവരം.
Story Highlights – Sanjay Manjrekar requests BCCI to take him back as commentator in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here