വയനാട്ടിൽ ആന്റിജൻ പരിശോധനയിലൂടെ മാത്രം 215 പേർക്ക് കൊവിഡ് സ്ഥിരീകരണം; ആശങ്ക

വയനാട്ടിൽ സമ്പർക്കത്തിലൂടെ മാത്രം 215 പേർക്ക് രോഗം പടർന്ന വാളാട് സ്ഥിതി അതീവ ഗുരുതരം. രോഗികളുടെ സമ്പർക്കപ്പട്ടികകൾ വിപുലമാണെന്നിരിക്കെ ആന്റിജൻ പരിശോധന വിപുലമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുവരെ 1700ന് അടുത്ത് ആന്റിജൻ പരിശോധന നടത്തിയതിൽ നിന്നാണ് 215 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് 700ഓളം പേർ രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കൂടുതൽ പേരെ പരിശോധന നടത്തേണ്ടിവരുമെന്നതാണ് നിലവിലത്തെ അവസ്ഥ.
Read Also : കൊവിഡ് ബാധിച്ച് എസ്‌ഐ മരിച്ചു; സംസ്ഥാനത്ത് ആദ്യം
ഇന്നലെ മാത്രം വാളാടിന് പുറത്തുളള 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാളാട് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കം വഴിയാണ് 23 പേർക്കും രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ സമ്പർക്കപട്ടിക ഉയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വാളാടിനോട് ചേർന്നുളള ആദിവാസി കോളനിയിലെ യുവാവിന് രോഗം പടർന്ന സാഹചര്യത്തിൽ കോളനി കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. രോഗബാധിതനുമായി കോളനിയിലെ പലരും സമ്പർക്കം പുലർത്തിയതിനാൽ ആശങ്കയിലാണ് കോളനി നിവാസികൾ.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം,തേറ്റമല പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ആന്‍റിജന്‍ പരിശോധന നടത്തും. രോഗവ്യാപനത്തിന്റെ ഗതിവിഗതി വിലയിരുത്തി മറ്റ് മേഖലകളിലേക്കും ടെസ്റ്റിംഗ് വ്യാപിപ്പിക്കും. സമ്പൂർണ നിയന്ത്രണം നിലനിൽക്കുന്ന തവിഞ്ഞാൽ ഉൾപ്പെടെയുളള വടക്കൻ വയനാട് പൂർണമായും നിയന്ത്രണങ്ങൾക്ക് നടുവിലാണ്.
Story Highlights – antigen test, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here