തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ച 377 പേര്‍ക്ക്

covid19, coronavirus, thiruvanathapuram

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 377 പേരില്‍ 363 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പൂവാര്‍, അഞ്ചുതെങ്ങ്, ബീമാപള്ളി, വലിയതുറ , കൊച്ചുതുറ തുടങ്ങിയ തീരമേഖലയിലുള്ളവരാണ് ഇന്ന് രോഗം ബാധിച്ചവരിലേറെയും. നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

തേക്കുംമൂട് ബണ്ട് കോളനിയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ രോഗബാധിതരുടെ എണ്ണം 50 ആയി. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ പാര്‍ക്കുന്ന രാജാജി നഗര്‍ കോളനിയില്‍ ഇന്നും രോഗം റിപ്പോര്‍ട്ട് ചെയ്തത് കൂടുതല്‍ ആശങ്ക പരത്തുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാര്‍ക്കിടയിലും രോഗവ്യാപനം കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്കടക്കം വെല്ലുവിളിയാവുന്നു. ആറ്റിങ്ങള്‍ ഡിവൈ. എസ്.പി ഉള്‍പ്പെടെ ഓഫീസിലെ ഒന്‍പത് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ 25 ഓളം പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

മലയോര ഗ്രാമീണ മേഖലയിലും രോഗവ്യാപനം രൂക്ഷമാണ്. കാട്ടാക്കട, കള്ളിക്കാട് മേഖലകളില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ബാലരാമപുരം, പാറശാല മേഖലകള്‍ വലിയൊരു ക്ലസ്റ്ററായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇരുപതിലധികം ബിഹാര്‍ സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി കാമ്പുകളില്‍ പരിശോധന വ്യാപകമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിലിന്ന് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. പാറശാല സ്വദേശി വിജയലക്ഷമിയാണ് മരിച്ചത്. നിലവില്‍ 3472 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 17658 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

Story Highlights covid 19, coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top