ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ

ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്.
Read Also : ടി-20 ചലഞ്ച് നൽകിയ പ്രതീക്ഷ; ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ യുവ താരങ്ങൾ
നവംബർ 1 മുതൽ 10 വരെയാണ് വിമൻസ് ഐപിഎൽ നടക്കുക. ഐപിഎൽ പ്ലേ ഓഫിനൊപ്പമാവും ടി-20 ചലഞ്ച്. ഇതോടൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളും 2021 വനിതാ ലോകകപ്പിനു മുന്നോടിയായി ബിസിസിഐയുടെ ആലോചനയിലുണ്ട്.
വിമൻസ് ടി-20 ചലഞ്ച് തീരുമാനിച്ചതോടെ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന കാര്യം സംശയത്തിലായി. ഒക്ടോബർ 17 മുതൽ നവംബർ 29 വരെയാണ് വിമൻസ് ബിഗ് ബാഷ് ലീഗ് നടക്കുക. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ എന്നീ താരങ്ങളാണ് വിമൻസ് ബിബിഎൽ ടീമുകളുടെ റഡാറിൽ ഉള്ളത്.
Read Also : ഐപിഎൽ: ചെന്നൈ സൂപ്പർ കിംഗ്സ് ഓഗസ്റ്റ് 10ന് യുഎഇയിൽ എത്തിയേക്കും.
കഴിഞ്ഞ വർഷ, സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ, മിതാലി രാജ് എന്നിവർ നയിച്ച മൂന്നു ടീമുകളാണ് വിമൻസ് ടി-20 ചലഞ്ചിൽ ഏറ്റുമുട്ടിയത്. ജയ്പൂരിൽ നടന്ന ടൂർണമെൻ്റിൽ ഹർമൻപ്രീതിൻ്റെ സൂപ്പർ നോവാസും മിഥാലിയുടെ വെലോസിറ്റിയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ വെലോസിറ്റിയെ കീഴടക്കി സൂപ്പർ നോവാസ് കിരീടം നിലനിർത്തി. പ്രഥമ ടി-20 ചലഞ്ചിലും ഹർമൻപ്രീതിൻ്റെ ടീമാണ് കിരീടം ചൂടിയത്.
സെപ്തംബർ 26 മുതൽ നവംബർ 8 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – womens t-20 challenge in november
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here