അജിത്രയുടെ ദുരിത ജീവിതത്തിന് നിറംപകർന്ന് പത്മിനി ടീച്ചർ; കിടപ്പാടമില്ലാത്ത ഒൻപതാം ക്ലാസുകാരിക്ക് വീടൊരുക്കാൻ അധ്യാപിക

പത്മിനി ടീച്ചറുടെ വീട്ടിൽ ചാലിച്ച വർണങ്ങളുടെ അതേ തെളിമയാണ് ടീച്ചറുടെ മനസിനും. സ്വീകരണ മുറിയിലെ നെഹ്‌റുവും, ഗാന്ധിയും, വിവേകാനന്ദനും, യേശു ക്രിസ്തുവുമെല്ലാം ടീച്ചറുടെ കോഫി പെയിന്റിംഗിൽ പിറന്നതാണ്. എന്നാൽ ഇവരുടെ അവതാരപ്പിറവിക്ക് പിന്നിൽ ഒൻപതാം ക്ലാസുകാരിയായ അജിത്രയുടെ കണ്ണീരിന്റെ നനവുണ്ട്….
അജിത്രയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു കിടപ്പാടം നിർമിച്ച് നൽകുന്നതിനായാണ് 83-ാം വയസിലും പത്മിനി ടീച്ചർ ചിത്രരചന നടത്തുന്നത്. ഓൺലൈൻ ചിത്ര പ്രദർശനത്തിലൂടെ കിട്ടുന്ന തുക കൊണ്ട് അജിത്രയ്ക്കും കുടുംബത്തിനും ഒരു വീട് വെച്ച് നൽകാനാണ് പഴയ ചരിത്ര അധ്യാപികയായ പത്മിനി ടീച്ചറുടെ തീരുമാനം.
ഇതിലൂടെ ദുരിതം പേറുന്ന സഹജീവികൾക്ക് എങ്ങനെ കൈത്താങ്ങാകാം എന്നതിന് മാതൃകയാകുകയാണ് വഴുതക്കാട് സ്വദേശിനി പത്മിനി ടീച്ചർ.

ചാക്കും പ്ലാസ്റ്റിക്കും കൊണ്ട് മറച്ച ഷെഡിലാണ് അജിത്രയുടേയും കുടുംബത്തിന്റേയും ജീവിതം. നിന്ന് തിരിയാൻ ഇടമില്ലാത്ത ഈ കൂരയിൽ തമാസിക്കുന്നത് അമ്മയും രണ്ട് മക്കളും. വീട്ട് ജോലിക്ക് പോയി കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് അമ്മ സവിത അജിത്രയേയും അജിനെയും പോറ്റുന്നത്.

അജിത്രയുടെ ഈ ജീവിത ക്യാൻവാസിലാണ് ടീച്ചർ കരുതലിന്റെ ചിത്രം വരയ്ക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് താഴെ വെച്ച തന്റെ പെയിന്റിങ്ങ് ബ്രഷ് 83 ആം വയസ്സിൽ അജിത്രയ്ക്കായി വീണ്ടും ടീച്ചർ കൈയ്യിലെടുത്തു. തന്റെ ചിത്രങ്ങൾ ഓൺലൈൻ വഴി പ്രദർശിപ്പിച്ച് അതിൽ നിന്ന് കിട്ടുന്ന പ്രതിഫലം അജിത്രയ്ക്ക് വീട് നിർമിക്കാൻ നൽകുക എന്നതാണ് പത്മിനി ടീച്ചറുടെ ലക്ഷ്യം. ഇതുവരെ നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു.
രണ്ട് മക്കളെയും ചേർത്ത് പിടിച്ച് കണ്ണീരോടെ നേരം വെളുപ്പിക്കാറുള്ള ഈ അമ്മയുടെ മനസിലെ ദൈവത്തിന് ഇന്ന് പത്മിനി ടീച്ചറുടെ മുഖമാണ്. അജിത്രയ്ക്കുള്ള വീടിനായി ടീച്ചർക്കൊപ്പം നമുക്കും കൈകോർക്കാം.

Story Highlights – teacher painting exhibition help student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here