കനത്ത മഴ; കൊല്ലം ജില്ലയിൽ വ്യാപക നഷ്ടം

കൊല്ലം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ജില്ലയുടെ വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി. അൻപതോളം വീടുകൾ ഭാഗികമായി തകർന്നു. അഞ്ചലിൽ വീട് തകർന്ന് മൂന്ന് വയസുകാരന് പരുക്കേറ്റു.

ഇന്നലെ രാത്രിയിൽ പെയ്ത അതിശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പവിത്രേശ്വരം, കല്ലട മേഖലകളിൽ നിരവധി റബറുകളും വാഴകളും ഒടിഞ്ഞു വീണു. റോഡിലേക്ക് മരം വീണ് ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗത തടസമുണ്ടായി. തെക്കേ നെട്ടയം ആലഞ്ചേരി റോഡിലും, സദാനന്ദപുരം കൊട്ടാരക്കര തൃക്കണ്ണമംഗലം എന്നിവിടങ്ങളിലും ഗതാഗത തടസമുണ്ടായി. ഏഴംകുളം ചിരട്ടയമ്പലത്തും മരം വീണ് ഗതാഗതം മുടങ്ങി. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ ട്രാഫിക് ലൈറ്റ് ഒടിഞ്ഞുവീണു. കിഴക്കൻ മേഖലയിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചൽ ചോരനാട്ടിൽ വീടിന് മുകളിൽ മരം വീണ് വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ മുഹമ്മദിന്റെ തലയ്ക്കു പരുക്കേറ്റു.

അഞ്ചൽ പടിഞ്ഞാറ്റിൻക്കരയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ തകർന്നു. ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. കുളത്തൂപ്പുഴ മേഖലയിൽ മാത്രം കെഎസ്ഇബിക്ക് 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പലയിടങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.

Story Highlights -kollam heavy rain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top