സംസ്ഥാനത്ത് കനത്ത മഴ;വയനാട് പാൽ ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കനത്ത മഴയില്‍ വയനാട് പാൽചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്. പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി. സമീപത്തെ ഇരുമ്പുപാലത്തിന്റെ ഒരു ഭാഗം തകർന്നു. കണ്ണൂർ- മാനന്തവാടി റോഡിൽ മണ്ണിടിച്ചിലുണ്ടായി. ബോയ്‌സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു. മേപ്പാടി മുണ്ടകൈ മലയിൽ ഉരുൾപൊട്ടി. രണ്ട് വീടുകൾ തകർന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
കേരളത്തിലെ മിക്ക ജില്ലകളിലും കാലവർഷം കനക്കുകയാണ്. മൂവാറ്റുപുഴയിൽ ജലനിരപ്പ് ഉയര്‍ന്നു. അടിയന്തരമായി ക്യാമ്പുകൾ തുറക്കാൻ നടപടിയെടുക്കും. പമ്പാ നദിയിൽ മൂന്ന് മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശത്തുള്ള ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കി.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയുടെ തീരപ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ശബരിമലയിലും ഉൾവനത്തിൽ ഉരുൾപൊട്ടൽ സൂചനയുണ്ട്. കക്കാട്ടാറിൽ ജലനിരപ്പ് ഉയരുന്നുണ്ടെന്നാണ് വിവരം. കോട്ടയം പാലാ- പനയ്ക്കപാലത്ത് വെള്ളം കയറി. നിലവിൽ ഗതാഗത തടസം ഇല്ല.
Read Also : കോട്ടയം മലയോര മേഖലകളിൽ ശക്തമായ മഴ; മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡിനൊപ്പം നിറഞ്ഞൊഴുകുന്നു
അതേസമയം ഇടുക്കി മൂന്നാർ രാജമല മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുള്‍പൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
Story Highlights – wayand, heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here