Advertisement

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചത് 18 പേര്‍; 23 പേര്‍ക്ക് ഗുരുതര പരിക്കുകളെന്ന് മുഖ്യമന്ത്രി

August 8, 2020
Google News 2 minutes Read
karipur mishap reason unknown

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയും ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്ക്; ഇന്ന് 1420 പേര്‍ക്ക് കൊവിഡ്

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Saturday, August 8, 2020

വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 184 യാത്രക്കാരും ആറു പേര്‍ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. മരണമടഞ്ഞവരുടെ പേരുവിവരം: മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Read Also : മൂന്നാര്‍ പെട്ടിമുടിയില്‍ കണ്ടെത്തിയത് 26 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു: മുഖ്യമന്ത്രി

149 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതില്‍ 23 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്‌നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്. കൊവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം പ്രക്രിയ ത്വരിതപ്പെടുത്തി. മരണപ്പെട്ടവര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരില്‍ ഒരാള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഇടുക്കി ജില്ലയില്‍ മഴ കനത്ത നാശം വിതച്ചു; പാലങ്ങള്‍ ഒലിച്ചുപോയതായി മുഖ്യമന്ത്രി

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്‌സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വെളന്റിയര്‍മാരുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്‌സി – സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ സമീപത്ത് താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Karipur plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here