ഒന്നര മണിക്കൂറിലെ രക്ഷാപ്രവർത്തനം; ഞൊടിയിടയിൽ നിറഞ്ഞ് രക്ത ബാങ്കുകൾ

കൊവിഡിനെ തുടർന്ന് ദിവസങ്ങളായി കണ്ടെയിൻമെന്റ് സോണിലായിരുന്നു കരിപ്പൂർ വിമാനത്താവളമടങ്ങുന്ന കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും. ഇതിനിടിലാണ് പ്രദേശത്തെ നടുക്കി വിമാനാപകടം സംഭവിക്കുന്നത്. പ്രദേശത്തെ അടക്കം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി എന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്. പിന്നീട് അപകടത്തിന്റെ ചിത്രങ്ങൾ സഹിതം സമീപ വാസികളിൽ നിന്നും സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിച്ചു തുചങ്ങി. കൊണ്ടോട്ടി- കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിർത്തി മതിൽ ചാടികടന്ന് നാട്ടുകാർ അപകടത്തിൽപെട്ട വിമാനത്തിനടുത്തെത്തി.

ഒന്നര മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ വിമാനത്തിൽ ഉണ്ടായിരുന്ന 190 യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. എന്നാൽ, ആശുപത്രികളിൽ എത്തിച്ചതിനു ശേഷവും ഭീതി ഒഴിഞ്ഞില്ല. അപകടത്തെ തുടർന്ന് ഗുരതരമായി പരിക്കേറ്റിരുന്നവരിൽ പലർക്കും രക്തം ആവശ്യമായി വന്നു.

ഞൊടിയിടയിൽ കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ്, ബേബി മെമ്മേറിയൽ, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങൾ ബ്ലഡ് ഡൊണേഴ്സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നു. മഴയെയും കൊവിഡിനെയും വകവയ്ക്കാതെ നിരവധി സുമനസുകൾ രക്തബാങ്കിന് മുന്നിലെത്തി. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകൾ നിറഞ്ഞു. രക്തം നൽകൻ സന്നദ്ധരായി മലപ്പുറം ഉൾപ്പെടെ അയൽ ജില്ലകളിൽ നിന്നും എത്തിയവർക്ക് തിരികെ മടങ്ങേണ്ടിവന്നു.

ഇതിനിടെ കൊവിഡ് കണ്ടെയിൻമെന്റ് സോണുകളിലുള്ളവർ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നൽകിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് രക്തം സ്വീകരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Story Highlights – One and a half hour rescue operation; Banks full of blood in an instant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top