ബിജെപിയും കോൺഗ്രസും കേരളത്തിൽ ഒത്തുകളിക്കുന്നു; അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് എന്തുകൊണ്ട് എതിർക്കുന്നില്ലെന്ന് കോടിയേരി

രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധം ആവർത്തിച്ചും മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ തള്ളിയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സുരക്ഷാ ഉദ്യോഗസ്ഥൻ ആർഎസ്എസിന്റെ മുൻ ശാരീരിക് പ്രമുഖായത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മും ആർഎസ്എസും യോജിക്കുന്നെന്ന വിഡ്ഢിത്തം മുല്ലപ്പള്ളിയല്ലാതെ ആരെങ്കിലും പറയുമോയെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സർക്കാരിനെ അട്ടിമറിക്കാൻ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസിനെ പലവിധത്തിൽ സഹായിച്ചു. കോൺഗ്രസ് അനുകൂലികളായ നിരവധി പേരുണ്ടായിട്ടും പഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി ആർഎസ്എസ് ശാരീരിക് പ്രമുഖിനെ നിയമിച്ചു. ചെന്നിത്തലയോടുള്ളത് വ്യക്തിപരമായ എതിർപ്പല്ലെന്നും രാഷ്ട്രീയ നിലപാടാണെന്നും കോടിയേരി പറഞ്ഞു.

Read Also : ‘രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലക്’; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസ് നിലപാട് തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ എസ്ആർപി പതിനെട്ടാം വയസിൽ കമ്യൂണിസ്റ്റായതാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആളുകൾ വന്നാണ് സിപിഐഎം വികസിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമുണ്ടെന്ന നട്ടാൽകുരുക്കാത്ത നുണ കെപിസിസി അധ്യക്ഷസ്ഥാനത്തിരുന്നു പറയുന്നത് ശരിയല്ല.

സ്വർണക്കടത്ത് കേസ് കോടതി പരിശോധിക്കട്ടെ. പാർട്ടിക്ക് യാതൊരു ബേജാറുമില്ല. അന്വേഷണം പൂർത്തിയാകുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ബൂമറാങ്ങാകുമെന്നും കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരേയും മാറ്റേണ്ട സാഹചര്യമില്ല. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പുനരന്വേഷണം വേണമോയെന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ ഓഗസ്റ്റ് 23ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിപിഐഎം സത്യഗ്രഹം സംഘടിപ്പിക്കും. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സത്യഗ്രഹം. വൈകിട്ട് നാല് മുതൽ നാലര വരെ 20 ലക്ഷം പേരെ പങ്കെടുപ്പിച്ചാകും പ്രതിഷേധമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ആർഎസ്എസിനെ എല്ലാക്കാലത്തും കോൺഗ്രസ് സഹകരിപ്പിച്ചിട്ടുണ്ടെന്നും ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിനു സാധിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ. ബിജെപിയും കോൺഗ്രസും കേരളത്തിൽ ഒത്തുകളിക്കുന്നുവെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിനെ കോൺഗ്രസ് എന്തുകൊണ്ട് എതിർക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

Story Highlights kodiyeri balakrishnan, congress, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top