കരിപ്പൂർ വിമാനത്താവള റൺവേയെ കുറിച്ച് നന്നായി അറിയുന്ന പൈലറ്റ് ആയിരുന്നു സാഥേയെന്ന് ശ്രേയാംസ് കുമാർ

കോഴിക്കോട് വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയെക്കുറിച്ച് നന്നായറിയാവുന്ന പൈലറ്റായിരുന്നു ദീപക് വസന്ത് സാഥേയെന്ന് സുഹൃത്തും മാതൃഭൂമി എംഡിയുമായ എം വി ശ്രേയാംസ് കുമാർ. അപകടത്തിനിരയായ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ മുഖ്യ പൈലറ്റായിരുന്നു ദീപക് വസന്ത് സാഥേ. വിമാനത്താവളത്തെക്കുറിച്ച് മാത്രമല്ല കോഴിക്കോട് നഗരത്തേയും ഡിവി സാഥേക്ക് നന്നായറിയാമായിരുന്നെന്ന് ശ്രേയാംസ് കുമാർ ട്വൻറിഫോറിനോട് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശി ദീപക് വസന്ത് സാഥേ ഒരു വിമാന യാത്രക്കിടെയാണ് എം വി ശ്രേയാംസ് കുമാറുമായി സൗഹൃദത്തിലാവുന്നത്. ഏതാനും വർഷം മുമ്പ് കൊച്ചിയിൽ നിന്നും കോഴിക്കോടേക്കുള്ള യാത്രക്കിടയിൽ ആയിരുന്നു പരിചയപ്പെട്ടത്. കോഴിക്കോട് നിന്നും ദോഹയ്ക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രിക്കാനാണ് ഡിവി സാഥേ പോയത്. കോഴിക്കോട്ടെത്തിയാൽ താജിലാകും ഡിവി സാഥേയുടെ താമസം. സൗഹൃദം വളർന്നതോടെ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിലും സാഥെയെത്തി.
കോഴിക്കോട് വിമാനത്താവളം ഡിവി സാഥേക്ക് പരിചിതമായിരുന്നു. ടേബിൾ ടോപ് റൺവേയെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്ന് ശ്രേയാംസ് കുമാർ. വിമാന ദുരന്ത വാർത്തയെത്തുമ്പോൾ ശ്രേയാംസ് കുമാറും മാതൃഭൂമി ചീഫ് പബ്ലിക് റിലേഷൻസ് മാനേജർ കെ ആർ പ്രമോദും തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു.
ദുരന്ത വാർത്തയറിയിക്കാൻ ഡിവി സാഥേയെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വിമാനം നിയന്ത്രിച്ച മുഖ്യപൈലറ്റ് ഡിവി സാഥേ മരണമടഞ്ഞു എന്ന ആ അപ്രതീക്ഷിത വാർത്തയെത്തി. സൗഹൃദത്തിന്റെ ഓർമകളും മുംബൈയിലെ വീട്ടിലേക്കുള്ള ക്ഷണവും ബാക്കിയാക്കി ഡിവി സാഥേ പോയെന്ന് ശ്രേയാംസ് കുമാറും പ്രമോദും തിരിച്ചറിഞ്ഞു.
Story Highlights – karipur airport, air india crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here