കുട്ടനാട്ടിൽ മഴ ദുരിതം വിതച്ചു; വ്യാപക കൃഷി നാശം

കുട്ടനാട്ടിൽ വ്യാപക മട വീഴ്ച. 600 അധികം ഏക്കറിൽ കൃഷി നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ പ്രദേശത്തും വെള്ളക്കെട്ടുണ്ട്.
ക്യാമ്പുകളുടെ എണ്ണം 40 ആയി. കൊവിഡ് ജാഗ്രത ഉള്ളതിനാൽ നാല് തരം ക്യാമ്പുകൾ ആണ് സജ്ജമാക്കുന്നത്. ഓഡിറ്റോറിയങ്ങൾ പോലെ കൂടുതൽ സൗകര്യങ്ങൾ ഉള്ള ഇടങ്ങളാണ് ക്യാമ്പുകൾ ആക്കിയിരിക്കുന്നത്. കൈനക്കിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മട വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 300ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കായംകുളത്തും വീടുകളിൽ വെള്ളം കയറി തുടങ്ങി.
Read Also : കൊല്ലത്ത് തീരദേശ മേഖലയെ ആശങ്കയിൽ ആഴ്ത്തി കനത്ത മഴ; പുലിമുട്ട് നിർമാണം പാതിവഴിയിൽ
പമ്പ ഡാം കൂടി തുറന്നാൽ കുട്ടനാട്ടിലെ സ്ഥിതി രൂക്ഷമാകും. തോട്ടപ്പള്ളി സ്പിൽവേയിലൂടെ ജലം കടലിലേക്ക് പോകുമെന്നതാണ് കുട്ടനാട്ടുക്കാരുടെ പ്രതീക്ഷ. ഇതുവരെ ജില്ലയിൽ 40ഓളം ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
അതേസമയം മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ല നിലവിൽ സുരക്ഷിതമാണ്. മഴ ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും ജില്ലയിൽ വെള്ളക്കെട്ട് ഭീഷണി ഇപ്പോഴില്ല. പെരിയാറിൽ ജല നിരപ്പ് താഴ്ന്നിട്ടുണ്ട്. കൊച്ചി നഗരത്തിലടക്കം വെള്ളക്കെട്ടില്ല.എന്നാൽ കോതമംഗലം, മൂവാറ്റുപുഴ, മഞ്ഞപ്ര, കാലടി, ചൊവ്വര എന്നിവിടങ്ങളിലെ ചില ഭാഗങ്ങിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ജില്ലയിൽ 38 ദുരിതാശ്വാസ ക്യാമ്പുകളിലായി 1135 പേരെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ചെല്ലാനത്ത് മഴയ്ക്ക് പുറമേ രൂക്ഷമായ കടൽകയറ്റവുമുണ്ട്. ചെല്ലാനം, കണ്ണമാലി, മാനാശേരി തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ 8 ദിവസമായി ചെല്ലാനത്ത് കടൽ കയറ്റം രൂക്ഷമാണ്. കൊവിഡ് രോഗം പടർന്ന് പിടിക്കുന്ന തീര മേഖലയിൽ കടൽകയറ്റം ശക്തമായതോടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
Story Highlights – kuttanad, heavy rain