കൊല്ലത്ത് തീരദേശ മേഖലയെ ആശങ്കയിൽ ആഴ്ത്തി കനത്ത മഴ; പുലിമുട്ട് നിർമാണം പാതിവഴിയിൽ

കാലവർഷം ശക്തി പ്രാപിച്ചതോടെ കൊല്ലം ജില്ലയുടെ തീരദേശ മേഖലയിലും ആശങ്ക. പുലിമുട്ട് നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ അവശേഷിക്കുന്ന തീരദേശ റോഡും ഭീഷണിയിലാണ്. മഴക്കാലത്തെ സുരക്ഷാ നടപടികൾ ഇരവിപുരം മേഖലയിൽ പൂർത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ലക്ഷ്മിപുരം തോപ്പ് മുതൽ കാക്കത്തോപ്പ് വരെയുള്ള ഏഴ് കിലോമീറ്റർ തീരദേശ റോഡ് തകരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ വർഷകാലവും പിന്നിടുമ്പോൾ തീരത്തിന്റെ നല്ലൊരു ഭാഗവും കടലെടുക്കും. മറ്റൊരു വർഷകാലം കൂടിയെത്തിയപ്പോൾ ഇവിടുത്തുകാർക്ക് ആശങ്ക ഇരട്ടിയാണ്. റോഡിന്റെ പകുതിയും കഴിഞ്ഞ് കടൽ വീടുകൾക്ക് അരികിലെത്തി. ഒൻപത് മാസം കൊണ്ട് തീർക്കേണ്ട പുലിമുട്ട് നിർമാണത്തില്‍ നാല് വർഷമായിട്ടും ഇഴച്ചിൽ തുടരുകയാണ്.
Read Also : ചെല്ലാനത്ത് കടലാക്രമണ ഭീഷണി തുടരുന്നു; കടൽ ഭിത്തിക്ക് പകരം പുലിമുട്ട് നിർമിക്കണമെന്ന് ആവശ്യം
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ കാക്കത്തോപ്പ് മേഖലയിൽ കടൽ കയറിത്തുടങ്ങി. തീരദേശ റോഡിന്റെ അടിഭാഗത്തെ മണ്ണ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങൾ ഒന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ കടൽ ഇനിയും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
Story Highlights – kollam, sea attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here