ചെല്ലാനത്ത് കടലാക്രമണ ഭീഷണി തുടരുന്നു; കടൽ ഭിത്തിക്ക് പകരം പുലിമുട്ട് നിർമിക്കണമെന്ന് ആവശ്യം

കൊവിഡിന് പിന്നാലെ കടലാക്രമണം കൂടി വന്നതോടെ ചെല്ലാനം നിവാസികൾ പ്രതിസന്ധിയിൽ. ചെല്ലാനം, കണ്ണമാലി, സൗദി പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കയറിയ വെള്ളം വീടുകളിൽ നിന്ന് ഇറങ്ങിയെങ്കിലും ആശങ്കയോടെയാണ് ചെല്ലാനം നിവാസികൾ കഴിയുന്നത്. തുടർച്ചയായ നാല് ദിവസമായി കടലാക്രമണ ഭീഷണിയിലാണ് ചെല്ലാനം.

Read Also : ചെല്ലാനം സമൂഹവ്യാപന ഭീഷണിയില്‍; രണ്ടുവാര്‍ഡുകളില്‍ മാത്രം 126 രോഗികള്‍

ചെല്ലാനം മുതൽ സൗദി വരെയുള്ള മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ നൂറു കണക്കിന് വീടുകളിൽ വെള്ളം ഇരച്ചു കയറുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ഈ വെള്ളം ഇറങ്ങിയെങ്കിലും പ്രദേശത്തെ ആശങ്ക വിട്ടൊഴിയുന്നില്ല.തീരങ്ങളിൽ തീർത്ത കടൽ ഭിത്തികൾ പലയിടങ്ങളിലും തകർന്ന അവസ്ഥയിലാണ്. ഇരച്ചു കയറുന്ന വെള്ളം തടയുന്നതിനായി നാട്ടുകാർ നിരത്തിയ ആയിരക്കണക്കിന് മണൽ ചാക്കുകളും തകർന്ന നിലയാണ്. കാലങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, ഇപ്പോഴുള്ള കടൽ ഭിത്തിക്ക് പകരമായി പുലിമുട്ട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അന്നം തരുന്ന കടൽ കലി തുള്ളിയതോടെ നാട്ടുകാർ ബന്ധു വീടുകളിൽ അഭയം തേടുകയാണ്. കൊവിഡിന് പിന്നാലെ ട്രോളിംഗ് നിരോധനവും വന്നതോടെ നേരത്തെ തന്നെ ദുരിതത്തിലായിരുന്നു ചെല്ലാനം നിവാസികൾ. അതിന് പുറമെയാണ് ഇപ്പോൾ കടലാക്രമണവും വന്നത്. പ്രശ്‌നം പഠിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ.

Story Highlights chellanam, sea attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top