പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി

ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ഇന്നും രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തെരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന – രക്ഷാ സേന, പൊലീസ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ എ.കെ. ബാലന്‍, കെ. രാജു തുടങ്ങിയവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.
Story Highlights – munnar pettimudi landslide death toll rises to 43
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here