പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു; നദി തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ചെറിയതോതില്‍ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററില്‍ നിന്നും 982 മീറ്ററില്‍ എത്തിക്കുന്നതിലൂടെ വലിയതോതില്‍ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. ജില്ലയില്‍ ഉച്ചയ്ക്കുശേഷം രാത്രിയും ഉള്ള ഉയര്‍ന്നതോതിലുള്ള മഴമൂലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ജില്ലയില്‍ ആറ് താലൂക്കുകളിലെ 103 ദുരിതാശ്വാസ ക്യാമ്പുകളിലായി 1015 കുടുംബങ്ങളില്‍ നിന്ന് മൊത്തം 3342 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി.
Story Highlights – six shutters Pampa Dam opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here