ഫ്ലവേഴ്സ് കുടുംബത്തിലേക്ക് വീണ്ടുമെത്തുന്നതിൽ സന്തോഷം; ‘ചക്കപ്പഴ’ക്കഥ പറഞ്ഞ് എസ്പി ശ്രീകുമാർ

sp sreekumar interview

‘വാവ്, സൈക്കളോജിക്കൽ മൂവ്.’ എസ്പി ശ്രീകുമാർ ട്രോൾ ലോകത്ത് അറിയപ്പെട്ടത് മെമ്മറീസിലെ ഈ സീനിൽ നിന്നുണ്ടായ മീമിലൂടെ ആയിരുന്നു. മറിമായം എന്ന ഹാസ്യ സീരിയയിലെ ‘ലോലിതൻ’ എന്ന കഥാപാത്രത്തിൻ്റെ വേഷപ്പകർച്ച കണ്ട് കാണികൾ ഞെട്ടി. ‘ഇയാൾ ഇങ്ങനെയും അഭിനയിക്കുമോ’ എന്ന് ആളുകൾ അതിശയിച്ചു. വില്ലനിസത്തിൻ്റെ ക്രൂരമായ ആ മുഖം എസ്പി ശ്രീകുമാറിൻ്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായി. പപ്പിലിയോ ബുദ്ധയും എബിസിഡിയുമൊക്കെ അയാളുടെ അഭിനയപാടവത്തിൻ്റെ ഉദാഹരണമായി മെമ്മറീസിനു മുൻപ് സംഭവിച്ച സിനിമകളായിരുന്നു. ടെലിവിഷൻ കാഴ്ചക്കാർക്ക് ചിരികിടതോമും മറിമായവും ഫ്ലവേഴ്സിൻ്റെ ഉപ്പും മുളകും ഒക്കെയാണ് എസ്പി ശ്രീകുമാർ. ഉപ്പും മുളകും എന്ന സീരിയയിലെ കുട്ടുമാമനെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതനായ എസ്പി ശ്രീകുമാർ വീണ്ടും ഫ്ലവേഴ്സ് പരമ്പരയിലൂടെ തന്നെ മലയാളിയുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ഇത്തവണ ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശ്രീകുമാറിൻ്റെ വരവ്.

ചക്കപ്പഴവും ഉത്തമനും.

ഇതിനു മുൻപ് ഇതിൻ്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ സാറിൻ്റെ ‘ഉപ്പും മുളകും’, ‘മറിമായം’ സീരിയലുകളിൽ ഞാൻ അഭിനയിച്ചിരുന്നതാണ്. അപ്പോ, അദ്ദേഹത്തിൻ്റെ തന്നെ പുതിയ സംരംഭം ഫ്ലവേഴ്സിൽ സ്റ്റാർട്ട് ചെയ്യുന്നു എന്നറിഞ്ഞപ്പോൾ, അദ്ദേഹം വിളിച്ചപ്പോൾ വളരെ സന്തോഷത്തോടെ തന്നെ അത് സ്വീകരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ സർ എന്നൊരു വ്യക്തിയുള്ളതു കൊണ്ട് എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

കഥാപാത്രത്തെ പറ്റി പറയുകയാണെങ്കിൽ, ഇതൊരു കൂട്ടുകുടുംബമാണ്. കുടുംബത്തിൽ ഒരുപാട് പേരുണ്ട്. ഇദ്ദേഹം മൃഗസ്നേഹിയായ ഒരു മൃഗാശുപത്രി കമ്പൗണ്ടറാണ്. മൃഗങ്ങളോടുള്ള താത്പര്യം കൊണ്ടാണ് പുള്ളി ആ ജോലി എടുക്കുന്നത്. ഭാര്യയെ അല്പം പേടി. സ്നേഹവുമുണ്ട്. അങ്ങനെ ഒരു കഥാപാത്രമാണ്.

Read Also : ‘അവതാരകയിൽ നിന്ന് അഭിനേത്രിയിലേക്ക്; ‘ചക്കപ്പഴം’ വിശേഷങ്ങൾ പങ്കുവച്ച് അശ്വതി ശ്രീകാന്ത്

അമൃത ടിവിയിൽ തുടക്കം. പിന്നീട് മറിമായം.

അതെ. ചിരികിടതോമും മറിമായവുമൊക്കെ സംവിധാനം ചെയ്തിരുന്നത് ഉണ്ണി സർ തന്നെയാണ്. മറിമായത്തിൻ്റെ ആ ഗ്രൂപ്പ് വളരെ സെലക്ടീവ് ആയ ഗ്രൂപ്പാണ്. അഭിനേതാക്കളൊക്കെ വളരെ എക്സ്പീരിയൻസ്ഡ് ആയിരുന്നു. പല കാര്യങ്ങളും അതുവഴി പഠിക്കാനാവും. വർക്ക് ചെയ്യാൻ ഒരു എനർജി കിട്ടുന്ന ഒരു ഗ്രൂപ്പാണ് അത്. പ്രശസ്തി എന്നതിനുപരി അതൊരു കോഴ്സ് ആയിരുന്നു. പിന്നീട് ഉപ്പും മുളകിലേക്ക് വന്നപ്പോൾ അത് മറ്റൊരു അനുഭവമായി. സാർ ചെയ്യുന്ന സീരിയലുകൾ വ്യത്യസ്തമാണ്. എല്ലാ എപ്പിസോഡിലും ഒരു ക്ലൈമാക്സ് ഉണ്ടാവും. സാധാരണ സീരിയലിൽ ആ കഥ തുടർന്ന് പോവുകയാണല്ലോ. അതിൽ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിൻ്റെ സീരിയലുകൾ. പെട്ടെന്ന് കാണുമ്പോ അത് വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷേ, തിരക്കഥാകൃത്തുക്കളുടെയും ക്യാമറാമാന്മാരുടെയും സംവിധായകൻ്റെയുമൊക്കെ അധ്വാനമാണ് അത്.

ചിരികിടതോം ആണെങ്കിൽ, അമൃത ടിവിയിൽ ഞാൻ ബെസ്റ്റ് ആക്ടർ എന്നൊരു പരിപാടിയിലാണ് ഞാൻ ആദ്യം വന്നത്. പക്ഷേ, ഒന്നാമത്തെയോ രണ്ടാമത്തെയോ എപ്പിസോഡിൽ ഞാൻ പുറത്തുപോയി. ആ സമയത്താണ് ഉണ്ണി സർ ചിരികിടതോം എന്ന പരിപാടി തുടങ്ങുന്നത്. പുറത്തുപോയവരിൽ എന്നെയാണ് സർ ആദ്യം വിളിക്കുന്നത്. അങ്ങനെയാണ് ചിരികിടതോമിലെത്തിയത്. അതുകൊണ്ടാണ് സാറുമായുള്ള എനിക്ക് ഇത്ര അടുപ്പം. ലേപ്പലൊക്കെ വെച്ച് ലൈവ് വോയ്സിൽ ആദ്യമായി ചെയ്ത സീരിയൽ ചിരികിടതോം ആയിരുന്നു. അത് വലിയ ഒരു എക്സ്പീരിയൻസായിരുന്നു. ഇങ്ങനെയൊക്കെയുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്യുന്നതാണ് നമുക്ക് എനർജി കിട്ടുന്നത്. ഏതെങ്കിലുമൊക്കെ വർക്ക് ചെയ്താൽ നമുക്ക് ചിലപ്പോ കാശ് കിട്ടുമായിരിക്കും. അങ്ങനെയാണെങ്കിൽ ഇതിനു മുൻപേ എനിക്ക് ഒരുപാട് വർക്ക് ചെയ്യാമായിരുന്നു.

ചക്കപ്പഴം | നാളെ ആരംഭിക്കുന്നു രാത്രി 10 മണിക്ക്

ചക്കപ്പഴം | നാളെ ആരംഭിക്കുന്നു രാത്രി 10 മണിക്ക് #Chakkappazham #Promo

Posted by Flowers TV on Saturday, August 8, 2020

സിനിമകളൊക്കെ വ്യത്യസ്ത കഥാപാത്രങ്ങൾ. അതിൽ തന്നെ മെമ്മറീസിലെ വില്ലൻ ഏറെ വ്യത്യസ്തം.

മറിമായം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഞാൻ മെമ്മറീസിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിൻ്റെ ചുവടുപിടിച്ച് ചില സിനിമകളിൽ നിന്നൊക്കെ എനിക്ക് ചില ഓഫറുകൾ വന്നിരുന്നു. എല്ലാം കോമഡി കഥപാത്രങ്ങളായിരുന്നു. ചിരിച്ചു കൊണ്ട് പോകുന്ന പാസിംഗ് ഷോട്ടുകളും മറ്റും ഉണ്ടായിരുന്നു. പക്ഷേ, മെമ്മറീസ് എന്ന സിനിമയിലാണ് ഒരു നടൻ എന്ന നിലയിൽ എനിക്ക് വ്യത്യസ്തമായ ചലഞ്ച് തന്നത്. എനിക്ക് മറ്റെന്തെങ്കിലും കൂടി ചെയ്യാനാവും എന്ന് ആ സംവിധായകനും കൂടി മനസ്സിലായതു കൊണ്ടാണല്ലോ അദ്ദേഹം എന്നെ വിളിച്ചത്. അങ്ങനെയാണ് സിനിമയിലേക്ക് വന്നത്. അങ്ങനെയൊരു പ്ലാറ്റ്ഫോം കിട്ടിയപ്പോൾ എനിക്കത് നന്നായി ചെയ്യണമെന്നുണ്ടായിരുന്നു. സംവിധായകൻ ജീത്തു ജോസഫ് ഒരുപാട് സഹായിക്കുകയും ചെയ്തു.

അശ്വതി ശ്രീകാന്തിനെപ്പറ്റി

അശ്വതി മുൻപ് എവിടെയും അഭിനയിച്ചിട്ടില്ലെന്നാണ് എൻ്റെ വിശ്വാസം. പക്ഷേ, ആ കുട്ടി വന്നതിനു ശേഷം വളരെ എക്സ്പീരിയൻസ്ഡായ ഒരു നടിയെപ്പോലെ അഭിനയിച്ചു. ഉണ്ണി സർ നമുക്ക് നല്ല സ്വാതന്ത്ര്യം നൽകും. കാര്യങ്ങളൊക്കെ പഠിപ്പിക്കും. ഒരുപാട് തവണ പറഞ്ഞു തരും. അതിൽ ദേഷ്യമോ നിരാശയോ ഒന്നും അദ്ദേഹം കാണിക്കില്ല. അതുകൊണ്ട് തന്നെ അശ്വതി വളരെ എക്സ്പീരിയൻസ്ഡായ ഒരു നടിയെ പോലെ അഭിനയിച്ചു. കാര്യങ്ങളൊക്കെ വേഗം മനസ്സിലാക്കിയെടുത്തു. അവരുമായുള്ള അഭിനയം നല്ല രസമായിരുന്നു.

ലോക്ക്ഡൗൺ പരിപാടികൾ

ലോക്ക്ഡൗണിൽ ഞാനും ഭാര്യ സ്നേഹയുമായി ചേർന്ന് ചില പാട്ടുകളൊക്കെ വിഷ്വലൈസ് ചെയ്തു. ആദ്യം ഫാമിലി ഗ്രൂപ്പിനു വേണ്ടി ഒരു വീഡിയോ ഞങ്ങൾ ചെയ്തതാണ്. അത് എങ്ങനെയോ പുറത്തായി. പിന്നീട് വേറെ ചില വീഡിയോകളും ചെയ്തു. പിന്നെ, ഞാനും നടൻ സുനിൽ സുഖദയും ചേർന്ന് ഒരു നാടകം ചെയ്തു. ടാർസൻ എന്നായിരുന്നു ആ നാടകത്തിൻ്റെ പേര്.

പുതിയ സിനിമകൾ

ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൊറോണ വന്നപ്പോൾ ബ്രേക്കായി. പിന്നെ അവരൊന്നും പറഞ്ഞിട്ടില്ല.

Story Highlights sp sreekumar interview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top