42,000 കോടി രൂപ മുതൽ മുടക്കിൽ ആറ് അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാൻ കേന്ദ്രാനുമതി

വിദേശ കമ്പനികളുടെ സഹകരണത്തോടെ ആറ് അത്യാധുനിക അന്തർവാഹിനികൾ കൂടി നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി.
42,000 കോടി രൂപ മുതൽ മുടക്കിൽ നിർമിക്കുന്ന അന്തർ വാഹിനികൾ മറ്റ് കപ്പലുകളുടെയും അന്തർവാഹിനികളുടെയും കണ്ണിൽപെടാതിരിക്കാൻ സ്റ്റെൽത്ത് സംവിധാനങ്ങളോട് കൂടി നിർമിക്കാനാണ് പദ്ധതിയിടുന്നത്.

പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തർവാഹിനി നിർമാണ പദ്ധതിയ്ക്ക് അടുത്ത മാസം ടെൻഡർ പുറപ്പെടുവിക്കും. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോൺ ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ കപ്പൽ നിർമാതാക്കളായ എൽആൻഡ്ടി എന്നീ കമ്പനികളിൽ നിന്നാണ് താത്പര്യ പത്രം ക്ഷണിക്കുക.

ആയുധ തദ്ദേശവത്കരണത്തിനായി കേന്ദ്ര സർക്കാർ 2017-ൽ തയാറാക്കിയ സ്ട്രാറ്റജിക് പാർടണർഷിപ്പ് പോളിസി പ്രകാരമുള്ള ആദ്യ പദ്ധതിയാണിത്.

പദ്ധതിയ്ക്ക് താത്പര്യപത്രം അയച്ചുകഴിഞ്ഞാൽ പ്രതിരോധമന്ത്രാലയം തയാറാക്കിയിട്ടുള്ള പട്ടികയിലുള്ള കമ്പനികളിൽ നിന്ന് സാധന സാമഗ്രികൾ വാങ്ങാനുള്ള കരാറിലേർപ്പെടാം.

റഷ്യയിലെ റൂബിൻ ഡിസൈൻ ബ്യൂറോ, ഫ്രാൻസിലെ ഡിസിഎൻഎസ്, ജർമനിയിലെ തൈസൻക്രുപ്പ് മറൈൻ സിസ്റ്റം, സ്പെയിനിലെ നവൻതിയ, ദക്ഷിണ കൊറിയൻ കമ്പനിയായ ദീവു എന്നിവയാണ് പ്രതിരോധ മന്ത്രാലയം തയാറാക്കിയ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കമ്പനികൾ.

നിലവിൽ ഇന്ത്യൻ നാവിക സേനയുടെ പക്കൽ ഡീസൽ ഇലക്ട്രിക് അന്തർവാഹിനികളാണുള്ളത്. സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ രണ്ടെണ്ണം മാത്രമാണ് നിലവിലുള്ളത്. നാലെണ്ണം കൂടി 2022 ഓടുകൂടി നാവികസേനയ്ക്ക് കൈമാറും.

ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.

Story Highlights – Central approval to build six state-of-the-art submarines locally at a cost of Rs 42,000 crore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top