ഇഐഎയ്ക്ക് എതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സിപിഐ

ഇഐഎ കരട് വിജ്ഞാപനത്തിന് എതിരെ സിപിഐ കേന്ദ്രത്തിന് കത്തയച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കത്ത് അയച്ചത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അധികാരത്തെ ഇല്ലാതാക്കുന്നതാണെന്ന് കത്തിൽ സിപിഐ പറയുന്നു. കൂടാതെ കരട് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണമെന്ന കോടതി വിധിയും നടപ്പിലാക്കിയിട്ടില്ല. ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് ഇക്കാര്യം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇത് അംഗീകരിക്കാൻ ആവില്ലെന്ന് കത്തിൽ പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുള്ള സുപ്രിംകോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും വിധിന്യായങ്ങൾക്ക് വിരുദ്ധമാണ് വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ ലജ്ജാകരമാണെന്നും മന്ത്രിസഭയുടെ അധികാര ദുർവിനിയോഗമാണെന്നും കാനം.

Read Also : ഇഐഎ; വിജ്ഞാപനം കേന്ദ്ര സർക്കാർ പുനപരിശോധിക്കണമെന്ന് പിടി തോമസ് എംഎൽഎ

അതേസമയം പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിന്റെ കരടിനെതിരായ കേരളത്തിന്റെ വിയോജിപ്പ് ഇന്ന് വൈകിട്ടോടെ കേന്ദ്രത്തെ അറിയിക്കും. പരിസ്ഥിതി സെക്രട്ടറി ഉഷാ ടൈറ്റസാണ് പരിസ്ഥിതി മന്ത്രാലായത്തെ എതിർപ്പ് അറിയിക്കുക. കരട് വിജ്ഞാപനത്തോടുള്ള നിലപാട് അറിയിക്കാനുള്ള അവസാനമണിക്കൂറുകളിലാണ് സംസ്ഥാനത്തിന്റെ അഭിപ്രായം പരിസ്ഥിതി സെക്രട്ടറി അറിയിക്കുന്നത്. വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ലഭിക്കാൻ കേന്ദ്രീകൃതമായ സംവിധാനം പ്രായോഗികമല്ലെന്ന നിലപാട് സർക്കാർ സ്വീകരിക്കും.

സംസ്ഥാന സർക്കാരുകളുടേയും പ്രാദേശിക ഭരണകൂടങ്ങളുടേയും അധികാരം കവർന്നെടുക്കുന്നതിനോട് യോജിപ്പില്ല. ഹരിത ട്രിബ്യൂണൽ നിർദേശപ്രകാരം പിരിച്ചുവിട്ട ജില്ലാതല പരിസ്ഥിതി സമിതികൾ പുനസ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും. അഞ്ച് ഏക്കറിൽ താഴെയുള്ള ക്വാറികൾക്കും എഴുപതു മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേ നിർമാണത്തിനും പാരിസ്ഥിതിക ആഘാത പഠനം വേണ്ടെന്ന നിർദേശം തിരുത്തണം. ഇരുപതിനായിരം ചതുരശ്ര അടിയിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് നിലവിൽ പരിസ്ഥിതി ആഘാതപഠനം നിർബന്ധമാണ്. ഇത് ഒന്നരലക്ഷം ചതുരശ്ര അടിയാക്കുന്നതിനേയും സർക്കാർ എതിർക്കും.

Story Highlights eia, cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top