കുട്ടനാട്ടിൽ വെള്ളം പൊങ്ങി, പക്ഷേ ലതാമ്മയുടെ വീട്ടിൽ വെള്ളം കയറിയില്ല

കുട്ടനാട് മാത്തൂർപാടത്ത് വെള്ളം കയറുമ്പോൾ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ലതാമ്മയ്ക്ക്. എന്നാൽ ഇത്തവണ ലതാമ്മ വെള്ളപ്പൊക്കത്തെ ഭയന്നില്ല. അതിന് കാരണമായതാകട്ടെ മുൻ സബ്കളക്ടർ വി. ആർ കൃഷണതേജയും.
മാത്തൂർ സ്വദേശിനി ലതാമ്മയ്ക്ക് 2018ൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടമായി. അന്ന് വി ആർ കൃഷ്ണതേജ മുൻ കൈയെടുത്താണ് ലതാമ്മയ്ക്ക് വീടൊരുക്കിയത്. ‘ഐ ആം ഫോർ ആലപ്പി’ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വീടുനിർമാണം. ബാഹുബലി സിനിമയുടെ പിന്നണി പ്രവർത്തകരായിരുന്നു വീടു നിർമിച്ചത്. കുടുംബശ്രീ പ്രവർത്തകർ പണി ഏറ്റെടുത്തു. വെള്ളം കയറാത്തവിധം ഉയർത്തിയാണ് വീട് നിർമിച്ചത്. അതുകൊണ്ടുതന്നെ ലതാമ്മയുടെ വീട്ടിൽ ഇത്തവണ വെള്ളം കയറിയില്ല. വി. ആർ കൃഷ്ണതേജ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
2005 ൽ ഭർത്താവ് ശങ്കരൻകുട്ടി മരിച്ചശേഷം ഏറെ കഷ്ടപ്പെട്ടാണ് മൂന്നു പെൺമക്കളെ ലതാമ്മ വളർത്തിയത്. രണ്ട് പേരെ വിവാഹം ചെയ്തയച്ചു. ഇളയ മകൾ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.
Story Highlights – Kuttanad Flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here