Advertisement

കെ-സ്വിഫ്റ്റ് സംവിധാനം: 2547 എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കിയെന്ന് മുഖ്യമന്ത്രി

August 11, 2020
Google News 2 minutes Read
msme

സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹൃദമാക്കുന്നതിനായി രൂപം നല്‍കിയ കെ-സ്വിഫ്റ്റ് സംവിധാനം വഴി 2547 എംഎസ്എംഇ സംരംഭങ്ങള്‍ക്ക് അംഗീകാര പത്രം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎസ്എംഇയ്ക്കു പുറത്ത് 361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെ-സ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു.

തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്ന ജില്ല. കെ-സ്വിഫ്റ്റിനെ പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി നല്‍കുന്ന തരത്തില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്‌നി സുരക്ഷ, മൈനിംഗ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സസ് തുടങ്ങിയവ ഇതില്‍ പെടും.

നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ), തീര സംരക്ഷണ മാനേജ്‌മെന്റ്് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights k-swift approves 2547 MSME ventures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here