നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കി

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ കൂടി നഷ്ടപരിഹാരം നല്‍കി. നേരത്തെ നല്‍കിയ 60 ലക്ഷം രൂപയ്ക്കു പുറമേയാണിത്. തുക ഡിജിപി കൈമാറി.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍പ് പൊലീസും മാധ്യമങ്ങളും പ്രതിസ്ഥാനത്തു നിര്‍ത്തിയ നമ്പി നാരായണനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. ഒരു കോടി 30 ലക്ഷം കൂടി നല്‍കിയത് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് 20 വര്‍ഷം മുമ്പാണ് നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
സര്‍ക്കാരിനു പുറമേ മുന്‍ ഡിജിപിമാരായ സിബി മാത്യൂസ്, ടി.പി. സെന്‍കുമാര്‍ എന്നിവരടക്കം പൊലീസ് ഉദ്യോഗസ്ഥരേയും എതിര്‍കക്ഷിയാക്കിയിരുന്നു. കേസ് ഒത്തു തീര്‍പ്പാക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കെ. ജയ കുമാറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ ജയകുമാര്‍ ശുപാര്‍ശ ചെയ്തു.
പൊലീസിന് നീക്കിവച്ച തുകയില്‍ നിന്നും പണം നല്‍കാന്‍ ഡിജിപിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം പത്തുലക്ഷം രൂപയും സുപ്രിംകോടതി നിര്‍ദേശ പ്രകാരം 50 ലക്ഷം രൂപയും നല്‍കിയിരുന്നു. പൊലീസുകാരില്‍ നിന്ന് പണം ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സബ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Highlights – nambi narayanan compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here