കൊവിഡ് രോഗമുക്തി നിരക്ക്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്കിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കൊവിഡ് 19 റിക്കവറി റേറ്റുമായി ബന്ധപ്പെട്ട് ഞാനെന്തോ തെറ്റായ കാര്യം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതായി അറിഞ്ഞു. തുടക്കത്തില്‍ മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവായതിനു ശേഷം മാത്രമേ ആളുകളെ വീട്ടിലേയ്ക്ക് അയച്ചിരുന്നുള്ളൂ എന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ വീട്ടിലേയ്ക്ക് പറഞ്ഞു വിടുന്നു എന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അദ്ദേഹം ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുകയും ചെയ്യുന്നില്ലെന്ന് തോന്നുന്നു. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം പുതിയ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്ന കാര്യം ഞാന്‍ ഈ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. ആ തീരുമാനമെടുത്തതിന്റെ രേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അപ്പോഴാണ്, താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആരോപണവുമായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും ചിലപ്പോള്‍ അതിലധികവും ടെസ്റ്റുകള്‍ നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. നമുക്കെല്ലാം ഓര്‍മയുള്ള കേസുകളുണ്ടെല്ലോ. ഇംഗ്ലണ്ടില്‍ നിന്നു വന്ന ആറന്മുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, മൂന്നു തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതാണ്. 41 ദിവസങ്ങളാണ് അവരെ ആശുപത്രിയില്‍ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കൊവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങള്‍ക്ക് ശേഷമാണ്. കേരളത്തിന്റെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ തുടക്കം മുതലേ കുറഞ്ഞിരിക്കുന്നത് അതുതന്നെയാണ്.
മറ്റു സംസ്ഥാനങ്ങളില്‍ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്തതിനു ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ കുറഞ്ഞാല്‍ റിക്കവറി രേഖപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. അവര്‍ ആദ്യം തൊട്ടേ ചെയ്യുന്നത് അതാണ്. ഇപ്പോഴും അതു തന്നെയാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും കേസുകള്‍ കൂടിയിട്ടും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകാതെ കേരളത്തില്‍ ഒരു രോഗിയേയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. ഇത് ഇന്നലെ പത്ര സമ്മേളനത്തില്‍ ഞാന്‍ വ്യക്തമായി പറഞ്ഞതാണ്. അതദ്ദേഹം കേട്ടിട്ടുണ്ടാവില്ല എന്നു കരുതുന്നില്ല. പകരം, അതു കേള്‍ക്കാത്ത മട്ടില്‍, ഞാനെന്തോ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായെന്തോ കണ്ടെത്തിയുമെന്നും വരുത്തിത്തീര്‍ക്കാന്‍ നോക്കുകയാണ്.
ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. ഇവിടെ ടെസ്റ്റുകള്‍ നടത്തുന്നതില്‍ പിന്നിലാണെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയ്‌ക്കോ, ഐസിഎംആറിനോ, ഇന്ത്യാ ഗവണ്‍മെന്റിനോ, ഈ മേഖലയിലെ വിദഗ്ധര്‍ക്കോ കേരളം ഇക്കാര്യത്തില്‍ പുറകിലാണ് എന്ന അഭിപ്രായമില്ല. അവരൊക്കെ നോക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണും എന്ന മാനദണ്ഡങ്ങളാണ്. അവ നോക്കിയാല്‍ ഒരു ഘട്ടത്തില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു.
ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടിയിട്ടും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നമ്മളുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഈ കാര്യങ്ങള്‍ മനസിലാക്കുന്നതെന്നു തോന്നുന്നു. ഈ മേഖലയിലെ വിദഗ്ധര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിനു വിശ്വാസമില്ലെങ്കില്‍ അതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്? സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ് എന്നു മാത്രമേ പറയാനുള്ളൂ. ഇവിടെ മികച്ച ചികിത്സ നാം ഉറപ്പുവരുത്തുകയാണ്. സൗജന്യമായ ചികിത്സയാണ്. ഒന്നിനും ഒരു കുറവും നമ്മള്‍ വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid cure rate kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here