Advertisement

യുപിഐ സംവിധാനത്തിന്റെ ചരിത്രം; ഫേസ്ബുക്ക് കുറിപ്പ്

August 12, 2020
Google News 2 minutes Read
history upi facebook post

പണക്കൈമാറ്റത്തിനായി നമ്മളൊക്കെ ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. ക്യാഷ്‌ലസ് എക്കോണമിയുടെ ഭാഗമായി അവതരിപ്പിച്ച യുപിഐയുടെ വരവോടെ രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സേവനമായി അത് മാറിയിരുന്നു. എളുപ്പത്തിലും സുരക്ഷിതമായും പണക്കൈമാറ്റം നടത്താൻ കഴിയും എന്നതായിരുന്നു യുപിഐയുടെ ആകർഷണീയത. നിരവധി യുപിഐ ആപ്പുകളും ഇതേ തുടർന്ന് പുറത്തിറങ്ങി. യുപിഐയുടെ ചരിത്രം പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്ക് ഗ്രൂപ്പായ ആൻഡ്രോയ്ഡ് കമ്മ്യൂണിറ്റിയിൽ പ്രവീൺ എൻയു എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാവുന്നത്.

Read Also : എസ്ബിഐയുടെ യുപിഐ സർവറുകളിലെ തകരാറുകൾ പരിഹരിച്ചു

കുറിപ്പ് വായിക്കാം:

2016 ആഗസ്റ്റ് 11നു ആണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അന്നത്തെ 21 മെമ്പർ ബാങ്കുകളെയും ചേർത്ത് ഒരു പൈലറ്റ് പ്രോഗ്രാം ആയി ലോകത്തിലെ തന്നെ ഇത്തരത്തിൽ ഉള്ള ആദ്യത്തെ ഇന്റർഓപ്പറബിൾ അക്കൗണ്ട് ടു അക്കൗണ്ട് ഇൻസ്റ്റന്റ് മണി ട്രാൻസ്ഫർ മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്ത് അവതരിപ്പിക്കുന്നത്. കാർഡ് ബേസ്ഡ് അല്ലെങ്കിൽ വാലറ്റ് ബേസ്ഡ് എന്ന രീതിയിൽ ആയിരുന്നു മിക്ക മൊബൈൽ പേയ്‌മെന്റ് സംവിധാനങ്ങളും അന്ന് വരെ നിലനിന്നിരുന്നത്. കൂടാതെ അപ്പുറത്ത് ഇതേ സംവിധാനം ഉപയോഗിക്കുന്നവർക്ക് മാത്രം പണം സ്വീകരിക്കാവുന്ന പേയ്‌മെന്റ് സംവിധാനങ്ങൾ. യൂപിഐ വഴി ആകട്ടെ ഉപഭോക്താവിന് ഇഷ്ടമുള്ള ഏതു ആപ്പും ഏത് ബാങ്കും ഉപയോഗിച്ച് പരസ്പരം പണം കൈമാറാം.

FX Mart എന്ന പേരിൽ റിസർവ് ബാങ്കിന്റെ വാലറ്റ് ലൈസൻസ് ലഭിക്കുകയും പിന്നീട് ഫ്ലിപ്കാർട്ട് ഏറ്റെടുത്തപ്പോൾ പേര് മാറ്റുകയും ചെയ്ത ഫോൺപേ ആണ് ഇന്ത്യയിലെ ആദ്യത്തെ യൂപിഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പ്. ആഗസ്ത് അവസാനം മുതൽ പല ബാങ്കുകളുടെയും യൂപിഐ ആപ്പുകൾ പ്ളേസ്റ്റോറിൽ അവൈലബിൾ ആയിത്തുടങ്ങി. വാലറ്റ് മേഖലയിൽ കുത്തക പോലെ നിലനിന്ന പേടിഎമ്മും ചില ബാങ്കുകളും തുടക്കത്തിൽ ഇതിൽ ചേരാതെ മാറി നിന്നു. പി2പി ട്രാൻസ്ഫെറിന് ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പുകളും അല്ലാത്തവർക്ക് വാലറ്റുകളും എന്നതിന് അപ്പുറം യൂപിഐ ഒരിക്കലും ക്ലിക്ക് ആവാൻ സാധ്യതയില്ല എന്ന് തന്നെ അവർ കരുതി. എന്നാൽ മൂന്ന് മാസത്തിന് ഇപ്പുറം വന്ന നോട്ടുനിരോധനം കാര്യങ്ങൾ മാറ്റിമറിച്ചു. തുടക്കത്തിൽ വാലറ്റ് ഉപയോഗം കുതിച്ചുയർന്നു എങ്കിലും ബാങ്കുകളിൽ അനുഭവപ്പെട്ട വലിയ തിരക്കും നോട്ട് ക്ഷാമവും പെട്ടെന്ന് അക്കൗണ്ടിലേക്ക് പണം കൈമാറാവുന്ന സംവിധാനം തേടാൻ ജനങ്ങളെ പ്രേരിപ്പിച്ചു. മികച്ച ക്യാഷ്ബാക്കുകൾ കൂടി നൽകി ഫോൺപേ വെറും മൂന്ന് മാസം കൊണ്ട് പത്ത് മില്ല്യൺ യൂസേഴ്സിൽ എത്തി. ഏറെ താമസിയാതെ NPCI തങ്ങളുടെ ഒഫീഷ്യൽ യൂപിഐ ആപ്പ് ആയ ഭിം അവതരിപ്പിച്ചു. പ്രധാനമന്ത്രി അവതരിപ്പിച്ചു എന്നത് കൊണ്ട് വലിയ മീഡിയ പ്രാധാന്യം നേടിയ ഭിം ലോഞ്ചിന് ശേഷം അത് വലിയതോതിൽ ഡൗൺലോഡ് ചെയ്യപ്പെട്ടു. യൂപിഐ എന്ന പേരിനെ മറികടന്ന് ഭിം എന്ന പേര് പ്രചാരം നേടിയതോടെ ഇതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ യൂപിഐ എന്നത് BHIM UPI എന്ന് ഉപയോഗിക്കാൻ ആപ്പുകൾക്ക് നിർദേശം നൽകി. യൂപിഐ ആപ്പുകൾക്ക് ലഭിച്ച വലിയ യൂസർബേസ് കൂടുതൽ കമ്പനികളെ ഇതിലേക്ക് ആകർഷിച്ചു. അടുത്ത വർഷം ഗൂഗിൾ, തേസ് എന്ന പേരിൽ യൂപിഐ സർവീസ് ആരംഭിച്ചു. പിന്നീട് ഗൂഗിൾപേ എന്ന ആഗോളതലത്തിൽ ഉപയോഗിക്കപ്പെടുന്ന പേരിലേക്ക് തന്നെ മാറി. ആൻഡ്രോയിഡ് വിപ്ലവത്തിൽ മാറി നിന്ന നോക്കിയയെപ്പോലെ അപകടം മണത്ത പേടിഎമ്മും തുടക്കത്തിലെ വിമുഖത വെടിഞ്ഞു യൂപിഐ സർവീസ് ആരംഭിച്ചു. നേരത്തെ തന്നെ വലിയ രീതിയിൽ വാലറ്റ് സംവിധാനം ഉള്ള പേടിഎം വന്നതോടെ മത്സരം കടുക്കുകയും മൊബൈൽ പേയ്‌മെന്റ് മാർക്കറ്റ് ഷെയറിന്റെ തൊണ്ണൂറു ശതമാനവും ഗൂഗിൾപേ, ഫോൺപേ, പേടിഎം എന്നിവയിലേക്ക് ഒതുക്കപ്പെട്ടു. പിന്നീട് പലരും കടന്നു വരികയും നിലവിൽ ഉള്ള വാലറ്റ് കമ്പനികൾ യൂപിഐ സേവനങ്ങൾ നൽകുവാൻ തുടങ്ങുകയും ചെയ്തു എങ്കിലും ആമസോൺപേ ക്കു ഒഴികെ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ പറ്റിയില്ല. എന്നാൽ നിലവിൽ ഉള്ള പേയ്‌മെന്റ് കമ്പനികളുടെ പല മടങ്ങ് യൂസർബേസ് ഉള്ള വാട്സാപ്പ് ഒഫീഷ്യൽ ആയി യൂപിഐ സേവനങ്ങൾ ആരംഭിക്കുമ്പോൾ മത്സരം വേറെ ഒരു ലെവെലിലേക്ക് മാറും എന്നാണ് കരുതപ്പെടുന്നത്. മൊണോപൊളി ആയിപ്പോവുമോ എന്നു ഭയപ്പെടുന്നവരും ഉണ്ട്.

എന്തായാലും യൂപിഐ ഒരു വിപ്ലവമാണ്. തുടങ്ങിയ ഇടത്ത് നിന്ന് യൂപിഐ 2.0 യും കടന്ന് മുന്നോട്ട് പോകുമ്പോൾ നിരന്തര മാറ്റത്തിനു വിധേയമാകുന്നുണ്ട് അത്. എന്നാൽ ഒരുതരത്തിൽ വലിയ ഭീഷണികളും നേരിടുന്നുണ്ട്. ഒരു ഓപ്പൺ എക്കോ സിസ്റ്റം എന്ന പേരിൽ തുടങ്ങിയ യൂപിഐ പതിയെ ആപ്പുകളുടെ പേരിലേക്ക് ചുരുക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഒരു ആപ്പിൽ നിന്നും മറ്റു ഏതു ആപ്പിലേക്കും പണം അയക്കാവുന്ന ഒരു സിസ്റ്റത്തെ ഒരു ആപ്പിൽ നിന്ന് അതേ ആപ്പിലേക്ക് മാത്രം മൊബൈൽ നമ്പർ ഉപയോഗിച്ച് പണമയക്കാൻ പറ്റുന്ന ഒന്നാണെന്ന് തെറ്റിദ്ധരിച്ച ആളുകളും അതിന് പ്രേരിപ്പിക്കുന്ന ആപ്പുകളും അതിന് ഒരുപോലെ ഉത്തരവാദികളാണ്. യൂപിഐ ഗൈഡ്ലൈൻസ് പാലിക്കുന്നുണ്ടോ എന്ന് എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന NPCI യുടെ സജീവമായ ഇടപെടൽ ആണ് ഓരോ തവണയും ആപ്പുകളിലും പേയ്‌മെന്റ് ഗേറ്റ്വേകളിലും ഒക്കെ നടക്കുന്ന കുത്തകവത്കരണത്തിനുള്ള ശ്രമത്തെ കുറച്ചൊക്കെ പിടിച്ച് നിർത്തുന്നത്. നമ്മുടെ പൊട്ടൻഷ്യൽ വെച്ച് ഒരു പതിനഞ്ച് ശതമാനം പേര് പോലും ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. ബാക്കി കിടക്കുന്ന മഹാഭൂരിപക്ഷത്തിന് വേണ്ടിയാകും ഇനി മത്സരങ്ങൾ. ഏതായാലും ആരോഗ്യകരമായ മത്സരം നിലനിൽക്കണം എന്ന് തന്നെ ആഗ്രഹിക്കുന്നു.

Story Highlights history of upi facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here