മനസിൻ താഴ് വരയിൽ പൂത്ത ദേവദാരു….കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി…

ഗായകനായി പേരെടുക്കാൻ ആഗ്രഹിച്ച് ഒടുവിൽ ഗാനങ്ങളുടെ സൃഷ്ടാവായി പരിണമിക്കുന്നതായിരുന്നു ചുനക്കര രാമൻകുട്ടി എന്ന ഗാന രചയാതാവിന്റെ കലാ ജീവിതം. ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിന്റെ പേര് അന്യർത്ഥമാക്കും പോലെയായിരുന്നു മലയാളിയുടെ മനസിൽ ‘ദേവദാരു പൂത്തു നിൻമനസിൻ താഴ് വരയിൽ’ എന്ന ഗാനം.
ഒരിക്കലെങ്കിലും ആ ഗാനം മൂളാത്ത മലയാളികൾ ഉണ്ടാകില്ലെന്ന് നിസംശയം പറയാം. അദ്ദേഹവും ആ ഗാനം അത്രയധികം സ്‌നേഹിച്ചിരുന്നത് കൊണ്ടാവണം റിംഗ് ടോണിനായും അത് തിരഞ്ഞെടുക്കാൻ കാരണമായത്. ചെന്നൈയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. സിനിമയിലെ ആറു പാട്ടുകളും ഹിറ്റാവണം എന്ന് നിർമാതാവ് അരോമ മണി പറഞ്ഞു. ഈണം കേട്ട് വേണമായിരുന്നു പാട്ടെഴുതാൻ. പാട്ടെഴുത്തിന് ഒരാഴ്ച സമയവും നൽകി. തുടർന്ന് ചെന്നൈയിലെ അരോമ ഓഫീസിലേക്കുള്ള യാത്ര… ഓഫീസിൽ കാർ എത്തുമ്പോഴേക്കും പാട്ടുകൾ ചുനക്കരയുടെ തൂലിക തുമ്പിൽ നിന്നും പിറവിയെടുത്തു കഴിഞ്ഞിരുന്നു.
നാടക ഗാനങ്ങളിലൂടെയാണ് ചുനക്കര രാമൻകുട്ടി എന്ന ഗാനരചയ്താവിന്റെ പേര് ഉയർന്നു കേട്ട് തുടങ്ങിയത്. കൊല്ലം അസീസി, മലങ്കര തിയറ്റേഴ്‌സ് കൊല്ലം ഗായത്രി, കേരള തിയറ്റേഴ്‌സ് നാഷനൽ തിയറ്റേഴ്‌സ് തുടങ്ങിയ സമിതികൾക്ക് നൂറുകണക്കിന് നാടകഗാനങ്ങൾ എഴുതി. ആകാശവാണിയിലേക്കുള്ള ചുവട് മാറ്റം നിരവധി ലളിതഗാനങ്ങൾക്ക് വരികളെഴുതാനുള്ള അവസരമായി പിന്നീട് മാറി.
ഒട്ടേറെ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുള്ള ചുനക്കര രാമൻകുട്ടി, 1978-ൽ പുറത്തിറങ്ങിയ ‘ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. ശ്യാമുമായുള്ള കൂട്ടകെട്ട് പാട്ടിന്റെ അത്ഭുത സൃഷ്ടികൾക്ക് തുടക്കം കുറിച്ചു. ‘സിന്ദൂര തിലകവുമായി പുള്ളിക്കുിലേ’…, ‘ഹൃദയവനിയിലെ ഗായികയോ’…, ‘ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ’…, ‘ശ്യാമ മേഘമേ നിൻ യദുകുല സ്‌നേഹ ദൂതുമായി വാ’…തുടങ്ങി ഒരു പിടി മധുരമുള്ള ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
ദേവരാജൻ മാഷും ചുനക്കരയുടെ സഹോദരനുമായുള്ള കൂട്ടുകെട്ട് ചുനക്കര രാമൻകുട്ടിയെ കെപിഎസിയിലേക്ക് അടുപ്പിച്ചു. സംഗീതത്തോടുള്ള അഭിനിവേശം നാടക വേദിയിലെ പാട്ടുകാരനായി ചുനക്കരയെ മാറ്റി. ദേവരാജൻ മാഷുമായുള്ള സൗഹൃദം സിനിമയിലേക്കു വന്നശേഷവും തുടർന്നു. ഏതു പാട്ടുചെയ്താലും ആദ്യം കേൾപ്പിച്ചിരുന്നത് ദേവരാജൻ മാഷിനെയാണ്.
1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ച ചുനക്കര രാമൻ കുട്ടി, വിവിധ സിനിമകൾക്കായി 30ലേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
Story Highlights -chunakra ramankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here