ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക ശരീരത്തില്‍ മറന്നുവെച്ച സംഭവം; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക ശരീരത്തില്‍ മറന്നുവെച്ച സംഭവം; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക ശരീരത്തില്‍ മറന്നുവെച്ച സംഭവം ഡിവൈ എസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ശസ്ത്രക്രിയയ്ക്ക് വിധേയനായ കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദേശം നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടും വിശദീകരണം സമര്‍പ്പിക്കണം. ആരോപണ വിധേയനായ ഡോക്ടര്‍ പോളി ടി ജോസഫും മറുപടി ഹാജരാക്കണം. പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. കൊടകരയിലെ സ്വകാര്യാശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ ശാസ്ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തി.

ആദ്യ ശസ്ത്രക്രിയക്ക് ശേഷം രണ്ടാമതും ശസ്ത്രക്രിയ നടത്തിയതായി പരാതിയിലുണ്ട്. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ നിന്നും ശസ്ത്രക്രിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് മെഡിക്കല്‍ ഉപകരണം വയറ്റില്‍ നിന്നും കണ്ടെത്തിയത്. പിന്നീട് വന്‍ തുക മുടക്കി ഉപകരണം പുറത്തെടുക്കുകയായിരുന്നു. പരാതി ശരിയാണെങ്കില്‍ ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഗുരുതര ചികിത്സാപ്പിഴവാണെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ നിലപാട്.

Story Highlights scissors are forgotten in the body after surgery; Human Rights Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top