Advertisement

ആർഎസ്എസിനെ വിമർശിച്ച് വാട്സപ്പ് സ്റ്റാറ്റസ്; മാധ്യമവിദ്യാർത്ഥിയെ 12 മണിക്കൂർ തടഞ്ഞുവച്ച് യുപി പൊലീസ്

August 16, 2020
Google News 3 minutes Read

ആർഎസ്എസിനെ വിമർശിച്ച് വാട്സപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് മാധ്യമവിദ്യാർത്ഥിയെ ഉത്തർപ്രദേശ് പൊലീസ് 12 മണിക്കൂർ തടഞ്ഞുവച്ചു എന്ന് പരാതി. സ്വാതന്ത്ര്യദിനമായ ഇന്നലെയാണ് മാധ്യമവിദ്യാർത്ഥിയായ മിസ്ബാഹ് സഫറിനെ പൊലീസ് തടഞ്ഞുവച്ചത്. രാത്രി വീട്ടിലെത്തിയാണ് മിസ്ബാഹിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Read Also : ആലപ്പുഴയിൽ വനിതാ പൊലീസുകാരിക്ക് കൊവിഡ്

ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയിലെ ഒന്നാം വർഷ മാധ്യമവിദ്യാർത്ഥിയാണ് മിസ്ബാഹ്. ക്യാമ്പസ് ഫ്രണ്ട് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ഫേസ്ബുക്ക് ലൈവ് പരിപാടിയുടെ പോസ്റ്റർ ഓഗസ്റ്റ് 14 ന് മിസ്ബാഹ് തൻ്റെ വാട്സപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിരുന്നു. ‘ആർഎസ്എസിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന ഹാഷ്ടാഗോടെയാണ് മിസ്ബാഹ് പോസ്റ്റർ പങ്കുവച്ചത്. ഇതേ തുടർന്ന് രാത്രി രണ്ട് മണിയോടെ പൊലീസ് വിദ്യാർത്ഥിയുടെ വീട്ടിലെത്തുകയായിരുന്നു. ചോദ്യം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ച് തന്നെ ജർവാൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് മിസ്ബാഹ് പറയുന്നു.

“എന്തിനാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അവർ വീട്ടുകാരോട് പറഞ്ഞില്ല. വഴിയിലുടനീളം അവർ എന്നെ അസഭ്യം പറഞ്ഞു. ‘ഇപ്പോൾ ആർഎസ്എസിൽ നിന്ന് നിനക്ക് സ്വാതന്ത്ര്യം വേണം. പിന്നീട് ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നീ പറയുമോ? ഇവിടെ പാകിസ്താൻ ഉണ്ടാക്കാനോ നീ ശ്രമിക്കുന്നത്? ഭക്ഷണവും കിടക്കാൻ ഇടവും നൽകുന്ന ഇന്ത്യൻ സർക്കാരിനോട് നിനക്ക് എന്തുകൊണ്ടാണ് നന്ദി ഇല്ലാത്തത്? ഇമ്രാൻ ഖാൻ്റെ നിയമം നീ ഇന്ത്യയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണോ?’ ഇങ്ങനെയൊക്കെ അവർ ചോദിച്ചു.”- മിസ്ബാഹ് പറയുന്നു.

Read Also : ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ

മിസ്ബാഹിൻ്റെ മൂത്ത സഹോദരനും പിതാവും രാവിലെ സ്റ്റേഷനിൽ എത്തിയപ്പോൾ അവരോട് വൈകുന്നേരം വരാൻ പൊലീസ് ആവശ്യപ്പെട്ടു. “അവർ പോയതിനു പിന്നാലെ പൊലീസുകാർ എന്നോട് മാപ്പപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. എഴുതി നൽകിയില്ലെങ്കിൽ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുമെന്നും പിതാവിൻ്റെ വസ്തു സർക്കാർ കണ്ടുകെട്ടുമെന്നും അവർ ഭീഷണിപ്പെടുത്തി.”- മിസ്ബാഹ് പറയുന്നു.

മിസ്ബാഹിനെതിരെ പരാതി ലഭിച്ചതു കൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് ജർവാൽ റോഡ് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷക്കാരായ ചിലരെ പ്രകോപനപ്പെടുത്തുന്ന രീതിയിലായിരുന്നു ആ പോസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

Story Highlights Journalism student detained for 12 hours by UP police over WhatsApp status criticising RSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here