‘ഗുഞ്ചൻ സക്സേന’ വസ്തുതകൾ വളച്ചൊടിക്കുന്നു; ആരോപണവുമായി കാർഗിൽ ദൗത്യത്തിൽ പങ്കെടുത്ത മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ

Sreevidya Rajan gunjan saxena

ജാൻവി കപൂർ നായികയായി നെറ്റ്‌ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ബോളിവുഡ് ചിത്രം ‘ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ’ എന്ന സിനിമക്കെതിരെ ആരോപണവുമായി മലയാളി പൈലറ്റ് ശ്രീവിദ്യ രാജൻ. ഗുഞ്ചൻ സക്സേനക്കൊപ്പം കാർഗിൽ ദൗത്യത്തിൽ പങ്കെടുത്ത പൈലറ്റാണ് ശ്രീവിദ്യ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇവർ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

Read Also : ജാൻവിയെ അനുകരിച്ച് ശ്രീദേവി; രസകരമായ വീഡിയോ പുറത്ത്

കാർഗിൽ ദൗത്യത്തിൽ പങ്കെടുത്ത ഒരേയൊരു വനിതാ പൈലറ്റായി ഗുഞ്ചൻ സക്സേനയെ ചിത്രത്തിൽ കാണിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് അവർ പറയുന്നു. തങ്ങളെ ഒരുമിച്ചാണ് ഉധംപൂരിലേക്ക് നിയോഗിച്ചത്. പുരുഷ പൈലറ്റുകൾക്കൊപ്പം അയച്ച ആദ്യത്തെ വനിതാ പൈലറ്റ് താനായിരുന്നു. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ശാരീരികമായ രീതിയിൽ അപമാനിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ സഹ ഉദ്യോഗസ്ഥർ ഒരിക്കലും ഞങ്ങളെ അപമാനിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഗുഞ്ചൻ നൽകിയ വിവരങ്ങൾ ചലച്ചിത്ര പ്രവർത്തകർ വളച്ചൊടിച്ചതാണെന്ന് താൻ കരുതുന്നു എന്നും ശ്രീവിദ്യ പറയുന്നു.

Read Also : മലയാളത്തിലേക്ക് എന്ന് ? ചോദ്യത്തിന് ഉത്തരവുമായി ജാൻവി കപൂർ

ശ്രീവിദ്യ രാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്വതന്ത്ര പരിഭാഷ:

ധർമ്മ പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രം, ‘ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേളി’ന് ഞങ്ങളുടെ സഹ ഉദ്യോഗസ്ഥരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. ഗുഞ്ചൻ സക്‌സേനയ്‌ക്കൊപ്പം ഉധംപൂരിൽ ജോലി ചെയ്‌ത ഒരേയൊരു വനിതാ ഓഫീസർ എന്ന നിലയിലും ആ യാത്രയുടെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയതിനാലും ഇപ്പോൾ എന്റെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

ഞങ്ങൾ‌ ഒരുമിച്ചാണ് പഠിച്ചത്. എ‌എഫ്‌എയിലും എച്ച്‌ടി‌എസിലും ഒരുമിച്ച് പരിശീലനം നേടി. 1996 ൽ ഞങ്ങൾ രണ്ടുപേരെയും ഉധംപൂരിലേക്ക് നിയോഗിച്ചു. പക്ഷേ അവിടെ നിയോഗിച്ച ഒരേയൊരു വനിതാ പൈലറ്റ് ഗുഞ്ചൻ ആണെന്നാണ് സിനിമയിൽ കാണിച്ചത്. ആ ഹെലികോപ്റ്റർ യൂണിറ്റിലേക്ക് നിയോഗിക്കപ്പെടുന്ന ആദ്യത്തെ വനിതാ പൈലറ്റുമാർ എന്ന നിലയിൽ, പുരുഷ മേധാവിത്വം നിലനിൽക്കുന്ന ആ പ്രദേശത്തെ സ്വീകാര്യതയെക്കുറിച്ച് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. കുറച്ച് സഹപ്രവർത്തകരിൽ നിന്ന് ചില മുൻധാരണകളും മുൻവിധികളും ഞങ്ങൾക്ക് ലഭിച്ചു. പക്ഷേ, ഞങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ കർശനമായ നിരീക്ഷണത്തിലായിരുന്നു. ഞങ്ങൾ ചെയ്ത ചില തെറ്റുകൾക്ക് തിരുത്തൽ നടപടികൾ നേരിടേണ്ടിവന്നു. അത് പുരുഷരായ ഞങ്ങളുടെ സഹപ്രവർത്തകർ ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ അവഗണിക്കപ്പെട്ടേനെ. ഞങ്ങൾ അവരോടൊപ്പം എത്തുന്നവരാണെന്ന് തെളിയിക്കാൻ ഞങ്ങൾക്ക് അവരെക്കാൾ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. പ്രൊഫഷണൽ ഇടം ഞങ്ങളുമായി പങ്കുവെക്കുന്നതിൽ ചിലർക്ക് വൈമനസ്യം ഉണ്ടായിരുന്നു. പക്ഷേ, ഭൂരിപക്ഷവും ഞങ്ങളെ അംഗീകരിക്കുകയും ഒരു പൊതു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സഹ ഉദ്യോഗസ്ഥരായി കണക്കാക്കുകയും ചെയ്തു.

ഞങ്ങൾ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ പറക്കൽ ആരംഭിച്ചു, സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതു പോലെ നിസ്സാര കാരണങ്ങളാൽ അത് ഒരിക്കലും തടസ്സപ്പെടുകയോ റദ്ദാക്കുകയോ ചെയ്തില്ല. ഞങ്ങളുടെ സ്ക്വാഡ്രൺ കമാൻഡർ തികച്ചും പ്രൊഫഷണലായിരുന്നു. വളരെ കർക്കശക്കാരനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പുരുഷനായാലും സ്ത്രീ ആയാലും ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോഴെല്ലാം അദ്ദേഹം ഞങ്ങളെ ശിക്ഷിച്ചു. സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ ശാരീരികമായ രീതിയിൽ അപമാനിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ സഹ ഉദ്യോഗസ്ഥർ ഒരിക്കലും ഞങ്ങളെ അപമാനിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.

സിനിമയിൽ കാണിച്ചിരിക്കുന്നതുപോലെ, യൂണിറ്റിൽ ഞങ്ങൾക്ക് പ്രത്യേക ശൗചാലയങ്ങളോ സ്ത്രീകൾക്ക് വസ്ത്രം മാറ്റാനുള്ള മുറികളോ ഉണ്ടായിരുന്നില്ല. ആദ്യത്തെ ചില ബുദ്ധിമുട്ടുകൾക്ക് ശേഷം, ഞങ്ങൾ പരിമിതമായ സൗകര്യങ്ങൾ സഹ ഉദ്യോഗസ്ഥരുമായി പങ്കിട്ടു, അവർ എല്ലായ്പ്പോഴും ഞങ്ങളെ സഹായിക്കുകയും ഞങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ നൽകുകയും ചെയ്തു.

കാർഗിൽ പ്രവർത്തനങ്ങളിൽ പറക്കുന്ന ഒരേയൊരു വനിതാ പൈലറ്റായി ഗുഞ്ചൻ സക്‌സേനയെ ചിത്രത്തിൽ കാണിച്ചിരുന്നു. ഇത് വസ്തുതാപരമായി തെറ്റാണ്. കാർഗിൽ സംഘർഷം തുടങ്ങിയപ്പോൾ ഞങ്ങളെ ഒരുമിച്ചാണ് ഉധംപൂരിലേക്ക് നിയോഗിച്ചത്. ശ്രീനഗറിൽ വിന്യസിച്ച ഞങ്ങളുടെ യൂണിറ്റിന്റെ ആദ്യ ഡിറ്റാച്ച്മെന്റിൽ പുരുഷ സഹപ്രവർത്തകരോടൊപ്പം അയച്ച ആദ്യത്തെ വനിതാ പൈലറ്റ് ഞാനായിരുന്നു. ശ്രീനഗറിലെ ഗുഞ്ചന്റെ വരവിനു മുമ്പുതന്നെ ഞാൻ സംഘട്ടന മേഖലയിൽ വിമാനം പറത്തി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഗുഞ്ചൻ സക്‌സേന പുതിയ കൂട്ടം സഹപ്രവർത്തകരുമായി ശ്രീനഗറിലെത്തി. അപകടത്തിൽ പെട്ടവരെ ഒഴിപ്പിക്കൽ, സപ്ലൈ ഡ്രോപ്പ്, ആശയവിനിമയത്തിനായുള്ള ചെറു യാത്രകൾ, എസ്‌എ‌ആർ മുതലായവ ഞങ്ങൾക്ക് നൽകിയ എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങൾ സജീവമായി പങ്കെടുത്തു. സിനിമയുടെ ക്ലൈമാക്സിൽ ചിത്രീകരിച്ചിരിക്കുന്ന വീരകൃത്യങ്ങൾ യഥാർത്ഥത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ല, അത് സിനിമാറ്റിക് അനുഭവത്തിനായി കാണിച്ചതാവാം.

ഗുഞ്ചനെയും എന്നെയും രണ്ട് സ്റ്റേഷനുകളിലായി ഒരുമിച്ച് നിയമിച്ചു. ഗുഞ്ചൻ്റെ കോഴ്‌സ്മേറ്റും നല്ല സുഹൃത്തും ആയതിനാൽ, പരസ്യപ്രചാരണത്തിനായി ചലച്ചിത്ര പ്രവർത്തകർ ഗുഞ്ചൻ നൽകിയ വസ്തുതകൾ വളച്ചൊടിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവൾ ഒരു മികച്ച ഉദ്യോഗസ്ഥയും പൂർണമായും പ്രൊഫഷണലുമാണ്. ഔദ്യോഗിക ജീവിതത്തിൽ നിരവധി നേട്ടങ്ങൾ അവർ നേടിയിട്ടുണ്ട്. ചില രംഗങ്ങളിൽ അവളെ ദുർബലനും അടിച്ചമർത്തപ്പെട്ടവളുമായി കാണിക്കുന്നതിനു പകരം യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിൽ ചിത്രീകരിക്കേണ്ടതായിരുന്നു. . വനിതാ പൈലറ്റുമാരുടെവഴികാട്ടി എന്ന നിലയിൽ ഞങ്ങളെ വളരെ ബഹുമാനത്തോടെയാണ് സമൂഹം പരിഗണിച്ചത്. അതുകൊണ്ട് തന്നെ ആ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുകയും ഭാവിതലമുറയ്ക്ക് വഴിയൊരുക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആദരിക്കപ്പെടുന്ന സംഘടനയെ അപമാനിച്ചുകൊണ്ട് വ്യോമസേനയിലെ വനിതാ ഓഫീസർമാരെക്കുറിച്ച് സിനിമ തെറ്റായ സന്ദേശം നൽകുകയാണ്.

ഇത് ഒരു ബയോപിക് ആയതിനാൽ, സിനിമ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ കാണിക്കാനും വ്യോമസേനയെ പോസിറ്റീവ് ആയി ചിത്രീകരിക്കാനും ഗുഞ്ചൻ ഉറപ്പുവരുത്തണമായിരുന്നു.

കാർഗിലിൽ പറക്കുന്ന ആദ്യത്തെ ലേഡി പൈലറ്റ് ഞാനാണെങ്കിലും, ലിംഗസമത്വത്തിലുള്ള എന്റെ ശക്തമായ വിശ്വാസം കാരണം ഇതിന് മുമ്പ് എവിടെയും ഞാൻ ഇത് അവകാശപ്പെട്ടിരുന്നില്ല. കാർഗിൽ പ്രവർത്തനങ്ങളിൽ പുരുഷ പൈലറ്റുമാർ ഞങ്ങളെക്കാൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഞങ്ങളെക്കാൾ കൂടുതൽ പറക്കുകയും ചെയ്തു. പക്ഷേ, അവർ ഒരിക്കലും ഒരു പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ല. ഞാൻ പിന്തുണയ്‌ക്കാത്ത ലിംഗഭേദം എന്ന കാരണം കൊണ്ടാവാം ഞങ്ങൾക്ക് ഈ പ്രശസ്തി ലഭിച്ചത്. പ്രതിരോധ സേവനങ്ങളിൽ, സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ല. ഞങ്ങൾ എല്ലാവരും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരാണ്.

Dharma productions latest movie," Gunjan Saxena the Kargil girl" has attracted a lot of mixed views from our fellow…

Posted by Sreevidya Rajan on Sunday, August 16, 2020

Story Highlights IAF pilot Sreevidya Rajan objects gunjan saxena

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top