ആറ്റിങ്ങൽ ദേശിയ പാത വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ജി.സുധാകരൻ; ട്വന്റിഫോർ ഇംപാക്ട്

minister g sudhakaran orders probe on attingal national highway

ആറ്റിങ്ങൽ ദേശിയ പാത അന്വേഷണത്തിന് നിർദേശം നൽകിയെന്ന് മന്ത്രി ജി.സുധാകരൻ. പിഡബ്ല്യഡി വിജിലൻസാകും കേസ് അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പാതവെട്ടിമുറിച്ച വാർത്ത പുറത്തുവകൊണ്ടുവന്നത് ട്വന്റിഫോറാണ്.

ആറ്റിങ്ങലിൽ നടന്നതു ഗൗരവമായ കുറ്റമാണെന്നും ദേശീയപാത വെട്ടിമുറിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. എവിടെയാണ് മണ്ണ് ഇടുന്നതെന്ന് സർക്കാരിനെ അറിയിച്ചിട്ടില്ല. താൻ ഇടപെട്ട് ദേശീയപാത വെട്ടിമുറിക്കുന്നത് നിർത്തിവയ്പ്പിച്ചുവെന്നും പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.

ആറ്റിങ്ങലിൽ റോഡു വീതികൂട്ടുന്നതിന്റെ മറവിൽ സർക്കാരിന്റെ അനുമതിയില്ലാതെ ദേശീയപാത കിലോമീറ്ററുകളോളം വെട്ടിമുറിക്കുകയും പുതിയ ദേശീയപാത നിർമ്മിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ട്വന്റിഫോർ പുറത്തുകൊണ്ടുവന്നിരുന്നു. ക്രമക്കേട് പുറത്തുവന്നതോടെ റോഡ് വെട്ടിപൊളിക്കുന്നതു നിർത്തിവയ്ക്കാനും പൂർവസ്ഥിതിയിലാക്കാനും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി. ചീഫ് എഞ്ചിനിയർ ഉൾപ്പെടെ മുതിർന്ന നാലു മരാമത്ത് ഉദ്യോഗസഥരോട് വിശദീകരണം തേടി. പ്രാഥമിക അന്വേഷണത്തിൽ ഡി.പി.ആറിൽ ഗുരുതരമായ മാറ്റം വരുത്തിയതായി കണ്ടെത്തി. ദേശീയപാതയുടെ വീതി കൂട്ടാനായിരുന്നു യഥാർത്ഥ ഡി.പി.ആറിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ പലതവണ മാറ്റം വരുത്തിയാണ് ദേശീയപാത വെട്ടിമുറിച്ച് അഞ്ചടി താഴചയിൽ മണ്ണു മാറ്റിയത്. ഇതു ഗൗരവമായ കുറ്റകൃത്യമാണെന്നും വകുപ്പുതല വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടതായും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

ഇതിൽ പൊതുമരാമത്ത് വിഭാഗത്തിലെ മുതിർന്ന എൻജിനീയർമാർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിജിലൻസാണ് അന്വേഷിക്കുക. റോഡ് കുഴിച്ചെടുത്ത മണ്ണുപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിനു വയൽ നികത്തിയതും അന്വേഷണ പരിധിയിലുണ്ട്.

കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അറിയാതെ ആറ്റിങ്ങലിൽ ദേശീയപാത വെട്ടിമുറിച്ച് പുതിയ നാലുവരിപ്പാതയാക്കാൻ പൊതുമരാമത്ത് എഞ്ചിനിയർമാർ കരാർ നൽകിയതാണ് വിവാദമായത്. ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ പൂവൻപാറ വരെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്.

ആറ്റിങ്ങലിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ റോഡിന്റെ വീതി കൂട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനുപകരം പുതിയ നാലുവരി പാത നിർമിക്കാൻ റിവൈവ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് ഉദ്യോഗസ്ഥർ കരാർ നൽകി. അനുമതിയോ ടെണ്ടറോ ഇല്ലാതെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം 19 കോടി രൂപയുടെ കരാർ ഉറപ്പിക്കുകയായിരുന്നു. പത്ത് മാസമാണ് നിർമാണ കാലാവധി. ഒരു തകരാറുമില്ലാത്ത ദേശീയപാത അഞ്ചടി ആഴത്തിൽ വെട്ടിമുറിച്ചാണ് പുതിയ പാതയുടെ നിർമാണം നടന്നിരുന്നത്. ഇരത്തിലൊരു നിർമാണം സർക്കാർ അറിഞ്ഞിരുന്നില്ല എന്നാണ് മന്ത്രി പറയുന്നത്.

Story Highlights minister g sudhakaran orders probe on attingal national highway

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top