ധോണി വിരമിച്ചതിനാൽ താൻ ഇനി ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പാക് ആരാധകൻ ചാച്ച

dhoni Pakistan Fan Cricket

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വിരമിച്ചതിനാൽ താൻ ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീർ ബോസായ്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീർ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുകയാണ് അദ്ദേഹം.

Read Also : എന്തുകൊണ്ട് ധോണി കൃത്യം 7.29ന് വിരമിച്ചു?; ഇതാ അതിനുള്ള ഉത്തരം

“ധോണി വിരമിച്ചതിനാൽ ഞാനും വിരമിച്ചു. അദ്ദേഹം ഇല്ലാതെ ഞാൻ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാൽ ഞാൻ റാഞ്ചിയിലെത്തി അദ്ദേഹത്തെ കാണും. ഐപിഎൽ മത്സരങ്ങളിൽ ധോണിയെ കാണാൻ എനിക്ക് യാത്ര ചെയ്യണമെന്നുണ്ട്. എന്നാൽ, ഹൃദ്രോഗിയായ എനിക്ക് അതിനു കഴിയില്ല.”- 65കാരനായ ബഷീർ പറയുന്നു.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

2011 ലോകകപ്പ് സെമിഫൈനൽ കാണാൻ ധോണിയാണ് ബഷീറിന് ടിക്കറ്റ് എടുത്തു നൽകിയത്. ഇതോടെയാണ് തങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. “2019 ലോകകപ്പിലും അദ്ദേഹം എനിക്ക് ടിക്കറ്റ് എടുത്തു നൽകി. 2018ലെ ഏഷ്യാ കപ്പിൽ എന്നെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി അദ്ദേഹം തൻ്റെ ജഴ്സി എനിക്ക് സമ്മാനിച്ചു. ഒരിക്കൽ തൻ്റെ ബാറ്റും അദ്ദേഹം എനിക്ക് സമ്മാനിച്ചിരുന്നു. 2015 ലോകകപ്പിനിടെ സിഡ്നിയിൽ ഞാൻ ഇരിക്കുകയായിരുന്നു. കനത്ത ചൂടായിരുന്നു അവിടെ. പെട്ടെന്ന് സുരേഷ് റെയ്ന വന്ന് എനിക്ക് ഒരു സൺ ഗ്ലാസ് സമ്മാനിച്ചു. താനല്ല, ധോണി നൽകിയ സൺ ഗ്ലാസാണ് ഇതെന്ന് റെയ്ന പറഞ്ഞു. ഇന്ത്യയെ സ്നേഹിക്കുന്നതിന് എന്നെ പാക് ആരാധകർ ചതിയൻ എന്നൊക്കെ വിളിച്ച് പരിഹസിക്കാറുണ്ട്.”- ബഷീർ പറയുന്നു.

Story Highlights ms dhoni retires Pakistan-Born Fan To Quit Watching Cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top