വനിതാ ക്രിക്കറ്റിൽ വീണ്ടും സ്വവർഗവിവാഹം; ഓസീസ് താരങ്ങൾക്ക് മാംഗല്യം

ഓസീസ് വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസും ലോറ ഹാരിസും വിവാഹിതരായി. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ബ്രിസ്ബേൻ ഹീറ്റിനായി കളിച്ച ഇരുവരും ബിഗ് ബാഷ് ലീഗ് കിരീടം നേടിയിരുന്നു. ഫൈനൽ വിജയത്തിനു ശേഷമാണ് ഇരുവരും എൻഗേജ്ഡ് ആയത്. ഏപ്രിലിൽ വിവാഹിതരാവാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവാഹം വൈകിപ്പിക്കുകയായിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡെലിസ കിമ്മിൻസ് വിവരം പങ്കുവച്ചിട്ടുണ്ട്.
Read Also : പിറന്നത് പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ആദ്യ സ്വവർഗ ദമ്പതികൾ
2017 മാർച്ചിൽ ന്യൂസീലൻഡ് വനിതാ താരങ്ങളായ ഏമി സാറ്റെർത്ത്‌വെയ്റ്റും ലീ തഹുഹുവും വിവാഹിതരായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തങ്ങൾ ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും അറിയിച്ചു. തുടർന്ന് ന്യൂസിലൻഡ് ടീം ക്യാപ്റ്റൻ കൂടിയായ ഏമി പ്രസവാവധി എടുത്തു. ഇതോടെ പ്രസവാവധി എടുക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഏമി മാറിയിരുന്നു.
ജനുവരി 13ന് ഇവർക്ക് പെൺകുഞ്ഞ് പിറന്നു. ഗ്രേസ് മേരി എന്നാണ് കുഞ്ഞിൻ്റെ പേര്. ഏത് മാർഗത്തിലൂടെയാണ് ഗർഭം ധരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 2021ഓടെ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് 32കാരിയായ ഏമി അറിയിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ വാൻ നികെർക്ക്, മരിസൻ കാപ്പ് എന്നിവർ 2018 ജൂലായിൽ വിവാഹിതരായി. ഓസീസിൻ്റെ അലക്സ് ബ്ലാക്‌വൽ-ലിൻസി ആസ്ക്യു, മേഗൻ ഷൂട്ട്-ജെസ് ഹോലിയോകെ, ജെസ് ജൊനാസൻ-സാറ വേൺ എന്നീ താരങ്ങളും സ്വവർഗ വിവാഹം ചെയ്തവരാണ്.
Story Highlights – Australian women cricketers Laura Harris, Delissa Kimmince tie the knot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here