Advertisement

സര്‍ക്കാര്‍ ജോലി പിഎസ്‌സിയുടെ ഔദാര്യമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

August 18, 2020
Google News 1 minute Read
mullappalli ramachandran

സര്‍ക്കാര്‍ ജോലി പിഎസ്‌സിയുടെ ഔദാര്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പിഎസ്‌സിക്ക് കഴിയും. എന്നാല്‍ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് പിഎസ്‌സി. നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും പദവിക്ക് ചേര്‍ന്നതല്ല. ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനിലയാണ് ചെയര്‍മാനുള്ളത്. സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ചെയര്‍മാന്റേത്. പിഎസ്‌സിയുടെ റാങ്കുലിസ്റ്റുകളെ മറികടന്നാണ് കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്. കരാര്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ പിഎസ്‌സി ഒന്നും ചെയ്യുന്നില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും പിഎസ്‌സി അലംഭാവം തുടരുകയാണ്. എകെജി സെന്ററില്‍ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്ക് ലിസ്റ്റുകളാണ് റദ്ദാക്കിയത്. ഇതിന്റെ ഫലമായി അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്‌സി നിയമനം നിഷേധിച്ചത്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

കൊവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 11 തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Story Highlights Mullappally Ramachandran, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here