സ്മിത്ത് വരാൻ വൈകും; രാജസ്ഥാൻ റോയൽസിനെ ജയദേവ് ഉനദ്കട്ട് നയിക്കാൻ സാധ്യത

ഐപിഎൽ 13ആം സീസണിൽ രാജസ്ഥാൻ റോയൽസിനെ പേസർ ജയദേവ് ഉനദ്കട്ട് നയിക്കാൻ സാധ്യത. ടീം ക്യാപ്റ്റനായ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേരാൻ വൈകുന്നതിൻ്റെ പശ്ചാത്തലത്തിൽ ഉനദ്കട്ടിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുമെന്നാണ് വിവരം. ആദ്യത്തെ ചില മത്സരങ്ങളിലാവും ഉനദ്കട്ട് ടീമിനെ നയിക്കുക. സ്മിത്ത് എത്തുന്നതോടെ ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിനു കൈമാറും.
Read Also : സഞ്ജു മുംബൈയിലെത്തി; ഉടൻ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കും
ഐപിഎലിൻ്റെ ആദ്യ ആഴ്ചയിൽ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളൊന്നും ടീമുകൾക്കൊപ്പം ഉണ്ടാവില്ല. ഇത് ഏറ്റവുമധികം ബുദ്ധിമുട്ടിക്കുക രാജസ്ഥാൻ റോയൽസിനെയാവും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസീസ് ടീമിൽ സ്മിത്ത് ഉൾപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് എന്നീ താരങ്ങൾ പരമ്പരയിൽ ഉണ്ടാവും.
3 വീതം ടി-20യും ഏകദിനവുമാണ് പരമ്പരയിൽ ഉണ്ടാവുക. സെപ്തംബർ 16ന് പരമ്പര അവസാനിക്കും. 19നാണ് ഐപിഎൽ ആരംഭിക്കുക. എന്നാൽ, താരങ്ങൾ പര്യടനത്തിനു ശേഷം യുഎഇയിൽ എത്തിയാൽ 6 ദിവസത്തെ ക്വാറൻ്റീൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനു ശേഷം മാത്രമേ ഇവർക്ക് അതാത് ടീമുകൾക്കൊപ്പം ചേരാനാവൂ.
ചരിത്രത്തിൽ ആദ്യമായി രഞ്ജി കിരീടം നേടിയ സൗരാഷ്ട്രയുടെ ക്യാപ്റ്റനായിരുന്നു ജയദേവ് ഉനദ്കട്ട്.
Read Also : രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിംഗ് പരിശീലകന് കൊവിഡ്
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – Jaydev Unadkat To Lead Rajasthan Royals In Steve Smith’s Absence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here