മരണപ്പെട്ട വീട്ടുടമയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ജോലിക്കാരി 35 ലക്ഷം രൂപ തട്ടിയെടുത്തു

മരണപ്പെട്ട വീട്ടുടമയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ജോലിക്കാരി 35 ലക്ഷം രൂപ തട്ടിയെടുത്തു. കൊൽക്കത്തയിലാണ് സംഭവം നടന്നത്. ഏഴ് വർഷമായി ജോലി ചെയ്യുന്ന വീട്ടിൽകെ ഉടമയുടെ എടിഎം കാർഡ് മോഷ്ടിച്ചാണ് റീത റോയ് (45) എന്ന ജോലിക്കാരി 35 ലക്ഷം രൂപ തട്ടിയെടുത്തത്. ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യ ആഴ്ചയായിരുന്നു വീട്ടുടമ സത്യനാരായണൻ അഗർവാൾ മരിച്ചത്. മരുമകൻ്റെയും മറ്റൊരാളുടെയും സഹായത്തോടെയായിരുന്നു റീതയുടെ തട്ടിപ്പ്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : വീടിനുള്ളിൽ കയറി വാനരസംഘം 25000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചു; പരാതിയുമായി 70കാരി
സത്യനാരായണൻ മരണപ്പെട്ടതിനു പിന്നാലെ ഇയാളുടെ എടിഎം കാർഡ് മോഷ്ടിച്ച റീത പല എടിഎമുകളിൽ നിന്നായി പണം പിൻവലിക്കാൻ തുടങ്ങി. അഗർവാൾ എടിഎം പിൻ മറന്നു പോകാറുള്ളതു കൊണ്ട് തന്നെ സത്യനാരായണൻ്റെ മകൻ അനുരാഗ് പിതാവിൻ്റെ മൊബൈലിൽ ടെക്സ്റ്റ് മെസേജ് ആയി പിൻ നമ്പർ സേവ് ചെയ്തിരുന്നു. ഈ ഫോൺ കണ്ടെത്തിയാണ് റീത പിൻ മനസ്സിലാക്കിയത്. ലോക്ക്ഡൗണായതുകൊണ്ടുതന്നെ വീട്ടിലെ ആരും ബാങ്കില്‍ പോയിരുന്നില്ല. അതുകൊണ്ട് പണം തട്ടിയെടുക്കുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. സത്യനാരായണൻ്റെ മകൻ സമീപത്തെ ഫ്‌ലാറ്റിലാണ് താമസം. പണം പിൻവലിക്കുന്ന സമയങ്ങളിലെല്ലാം ബാങ്ക് സത്യനാരായണൻ്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയക്കുന്നുണ്ടായിരുന്നു. എന്നാൽ, പിതാവിൻ്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനാൽ ഇത് വീട്ടുകാർ അറിഞ്ഞില്ല. പിന്നീട്, ബാങ്കിൽ പോയപ്പോഴാണ് മകൻ അനുരാഗ് പണം നഷ്ടമായ വിവരം മനസ്സിലാക്കിയത്.
അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് റീത റോയ്, മരുമകൻ രഞ്ജിത് മാലിക് (31), ഒപ്പമുണ്ടായിരുന്ന മൂന്നാമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് 27 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
Story Highlights – maid held for stealing ₹35 lakh using dead employer’s ATM card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here