സൂപ്പര്‍കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കെല്‍ട്രോണില്‍ കേന്ദ്രം ഒരുങ്ങുന്നു; വിഎസ്എസ്‌സിയുമായി ധാരണാപത്രം കൈമാറി

keltron

ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കണ്ണൂരിലെ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സില്‍ (കെസിസിഎല്‍) പ്രത്യേക കേന്ദ്രം ഒരുങ്ങുന്നു. സാങ്കേതികവിദ്യാ കൈമാറ്റത്തിന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (വിഎസ്എസ്‌സി) ധാരണാപത്രം കൈമാറി. 42 കോടിയുടെ പദ്ധതിയാണ് കെല്‍ട്രോണ്‍ തയാറാക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.

മില്ലിവാട്ട്‌സ് ശേഷിയുള്ളവ മുതല്‍ കിലോവാട്ട്‌സ് ശേഷിയുള്ളവവരെ വ്യത്യസ്ത ശ്രേണിയിലുള്ള കപ്പാസിറ്ററുകള്‍ പുതിയ കേന്ദ്രത്തില്‍ നിര്‍മിക്കാന്‍ സാധിക്കും. വിവിധ ഇലക്ട്രോണിക്സ് നിര്‍മാണ മേഖലകളില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ട്. നിലവില്‍ ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനുള്ള സൂപ്പര്‍കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുകയാണ്. കെല്‍ട്രോണില്‍ പുതിയ കേന്ദ്രം ഒരുങ്ങുന്നതോടെ ആവശ്യമായ കപ്പാസിറ്ററുകള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാനാകും.

പൂര്‍ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് കപ്പാസിറ്റര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം വിവിധ ശ്രേണിയിലുള്ള 18 ലക്ഷത്തോളം സൂപ്പര്‍ കപ്പാസിറ്ററുകള്‍ കെല്‍ട്രോണ്‍ നിര്‍മിക്കും. ഒപ്പം ചെറിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനും സാധിക്കുന്നതാണ് പുതിയ പദ്ധതി. വിപണിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി കെല്‍ട്രോണിന്റെ വലിയ കുതിപ്പിനും വഴിയൊരുക്കും.

ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്ട്രോഡ് അടിസ്ഥാനമാക്കിയുള്ള സൂപ്പര്‍കപ്പാസിറ്ററുകളാണ് കെല്‍ട്രോണ്‍ നിര്‍മിക്കുക. ഇവ സാധാരണ കപ്പാസിറ്ററുകളെക്കാളും ശേഷിയുള്ളവയാണ്. കുറഞ്ഞ സമയത്തേക്ക് പവര്‍ ബൂസ്റ്റിംഗിന് ബാറ്ററികള്‍ക്ക് പകരമായാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നത്. നിത്യോപയോഗ ഉപകരണങ്ങളിലും പ്രതിരോധ, ബഹിരാകാശ മേഖലകളിലെ ഉപകരണങ്ങളിലും ഇവ പ്രവര്‍ത്തിപ്പിക്കുന്നു. ഊര്‍ജ്ജക്ഷമതയും ബാറ്ററിയെക്കാള്‍ വേഗത്തില്‍ പവര്‍ ബൂസ്റ്റ് ചെയ്യുമെന്നതും സൂപ്പര്‍ കപ്പാസിറ്ററുകളുടെ മേന്‍മയാണ്. നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനില്‍ (എന്‍ഇഎംഎംപി) സൂപ്പര്‍കപ്പാസിറ്റര്‍ നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് കെല്‍ട്രോണ്‍.

ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കണ്ണൂരിലെ കെല്‍ട്രോണ്‍…

Posted by E.P Jayarajan on Tuesday, August 18, 2020

Story Highlights supercapacitor, keltron

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top