തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കൽ; കേന്ദ്രം കേരളത്തിന്റെ നിർദേശം തള്ളിയത് പിന്നിൽ കർശന നിലപാടുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ സംസ്ഥാന സർക്കാർ ഒരുങ്ങി നിൽക്കേ നിലപാട് കടുപ്പിച്ച് അദാനി. വിമാനത്താവളം ഏറ്റെടുക്കാനുള്ള സംസ്ഥാന നിർദേശം തള്ളിയത് അദാനി ഗ്രൂപ്പിന്റെ കർശന നിലപാടിലാണ്. വിമാനത്താവള കൈമാറ്റ വ്യവസ്ഥകൾ പുനപരിശോധിക്കണമെന്ന് ഗ്രൂപ്പ് നിലപാടെടുത്തിരുന്നു. സുപ്രിം കോടതി തീരുമാനത്തിന് അനുസരിച്ചായിരുന്നു അദാനിയുടെ തീരുമാനം.
സുപ്രിംകോടതി ഹൈക്കോടതിയോട് കേസുമായി ബന്ധപ്പെട്ട് വാദം കേൾക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേതുടര്‍ന്ന് തിരുവനന്തപുരം വിട്ട് നൽകിയില്ലെങ്കിൽ മറ്റ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിലുള്ള വ്യവസ്ഥകൾ മാറ്റേണ്ടിവരുമെന്ന് അദാനി നിലപാട് കടുപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിമാനത്താവള അതോറിറ്റിക്ക് യൂസേഴ്‌സ് ഫീ നൽകണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും കമ്പനി അറിയിച്ചിരുന്നു. ഇത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. മറ്റ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനെയും ഈ തീരുമാനം ബാധിക്കുമെന്ന് വന്നതോടെ യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ അദാനിക്ക് നൽകി.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തീരുമാനത്തോട് സഹകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. നിയമ പോരാട്ടം തുടരുന്നതിനൊപ്പം വിമാനത്താവളം അദാനിക്ക് നൽകിയത് വൈകാരിക പ്രശ്‌നമായി ഉയർത്തി ബിജെപിയെ പ്രതിരോധത്തിൽ ആക്കാമെന്നും എൽഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറുന്നത് പരമാവധി വൈകിപ്പിക്കാനായിരിക്കും സംസ്ഥാന സർക്കാർ ശ്രമിക്കുക. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടർ നീക്കങ്ങൾ. വിമാനത്താവള എംപ്ലോയീസ് യൂണിയൻ നൽകിയ കേസ് സുപ്രിം കോടതി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്ന കേസിനു പുറമെ സംസ്ഥാന സർക്കാരും നിയമ പോരാട്ടത്തിന്റെ ഭാഗമാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുക.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളെ അവഗണിച്ചാണ് കേന്ദ്രം വിമാനത്താവളം അദാനിക്ക് നൽകിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശം മുതൽ ചരിത്ര പ്രാധാന്യം വരെയുള്ള കാര്യങ്ങൾ സംസ്ഥാനം നിരത്തി. സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനി അദാനി ക്വാട്ട് ചെയ്ത അതേ തുക ക്വാട്ട് ചെയ്യാമെന്നു വരെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. വിമാനത്താവളം നഷ്ടപ്പെട്ടതിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ബി ജെ പി സംസ്ഥാന നേതൃത്വവും മറുപടി പറയണമെന്നാണ് ഇടതു നേതാക്കൾ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരുമെന്നും അവർ പറയുന്നു.
Story Highlights – adani group, trivandrum airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here