കൊവിഡ് രോഗികളുടെ ഫോണ്‍ വിവരശേഖരണ വിവാദം: ഹൈക്കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി പൊലീസ്

കൊവിഡ് രോഗികളുടെ ഫോണ്‍ വിവരശേഖരണ വിവാദത്തില്‍ ഹൈക്കോടതിയില്‍ പൊലീസിന്റെ രേഖാമൂലമുള്ള മറുപടി. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് വേണ്ടി മാത്രമാണ് ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ മാത്രമാണ് സേവനദാതാക്കളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് മാത്രമായി നല്‍കാന്‍ സംവിധാനമില്ലാത്ത സാഹചര്യമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഒരു വ്യക്തി കൊവിഡ് പോസിറ്റീവ് ആകുന്നതിന് 14 ദിവസത്തിനകമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ടവര്‍ ലൊക്കേഷനിലൂടെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ നശിപ്പിക്കുന്നുണ്ട്. ടവര്‍ ലൊക്കേഷനല്ലാതെ മറ്റ് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പ്രായോഗികത കുറവായതിനാല്‍ ജിപിഎസ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. പകര്‍ച്ച വ്യാധി തടയാനുള്ള മാര്‍ഗം സ്വീകരിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അതിന്റെ ഭാഗമായാണ് ഫോണ്‍ കോള്‍ വിശദാംശങ്ങളും സ്വീകരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഇത് ചെയ്യുന്നത്. ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാനാകുമോയെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളോട് ആരാഞ്ഞിരുന്നു. എന്നാല്‍ അത് മാത്രമായി നല്‍കാനുള്ള അപ്രായോഗികതയും വ്യവസ്ഥകള്‍ ലംഘിക്കാനാവില്ലെന്നുള്ള മറുപടിയുമാണ് ലഭിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ കൊവിഡ് രോഗികളുടെ ഇതുവരെ ശേഖരിച്ച ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഉപഹര്‍ജി നാളെ പരിഗണിക്കും.

Story Highlights covid patients phone call data collection controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top