എന്റെ സന്തോഷങ്ങളുടെ താക്കോല്‍

story

..

സുനൈസ് ടി.എസ്./കഥ

( ഒരു കോര്‍പറേറ്റ് കമ്പനിയുടെ ജില്ലാ മാര്‍ക്കറ്റിംഗ് ഹെഡാണ് ലേഖകന്‍)

‘ജല്‍ത്തെ ഹേ ജിസ്‌കെ ലിയേ തേരി ആങ്കോ കെ ലിയേ….’

റെക്കോര്‍ഡറില്‍ മുഹമ്മദ് റാഫി പാടിക്കൊണ്ടിരിക്കെയാണ് ഫോണ്‍ ബെല്ലടിച്ചത്.

സ്‌ക്രീനില്‍ തെളിഞ്ഞ പേര് കണ്ടതും സന്തോഷം ഇരച്ചുകയറി.

‘താര’

കോളേജ് കാലത്ത് എന്നെ പ്രേമിച്ചു പ്രേമിച്ചു പ്രണയത്തിന്റെ കൊടുമുടിയില്‍ കയറ്റി, ആനന്ദ് എന്ന ബിസിനസുകാരനെ വിവാഹം ചെയ്ത് എന്നെ വിരഹത്തിന്റെ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു കടന്നു കളഞ്ഞവള്‍. താര പ്രകാശില്‍ നിന്നും താര ആനന്ദ് എന്ന പേരിലേക്ക് വിവാഹത്തോടെ മാറിയവള്‍.

അന്നും ഇന്നും അവളുടെ പേര് താര എന്നു തന്നെയാണ് സേവ് ചെയ്തു വച്ചിരിക്കുന്നത്. പിന്നാലെയുള്ള പേരുകളില്‍ എന്തിരിക്കുന്നു.

റാഫി സാബിനോടൊപ്പം മൂളിക്കൊണ്ടു ഫോണ്‍ എടുത്തു.

‘ജല്‍ത്തെ ഹേ ജിസ്‌കെ ലിയേ തേരി…’

ഫോണിന്റെ അപ്പുറത്ത് നിന്നും ചെറുചിരിയോടെ

‘ഇന്ന് നല്ല മൂഡിലാണെന്ന് തോന്നുന്നല്ലോ എന്താ കാര്യം’ എന്ന താരയുടെ ചോദ്യം.

‘പ്രത്യേകിച്ചൊന്നുമില്ല, തന്റെ കോള്‍ കണ്ടപ്പോ പെട്ടെന്നൊരു സന്തോഷം അത്രേയുള്ളൂ’ എന്ന മറുപടി അവളെ സന്തോഷിപ്പിച്ചുവെന്നു തോന്നുന്നു.

അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു ‘നിന്റെ വട്ടിനൊരു കുറവുമില്ലല്ലേ’ എന്നു കളിയാക്കി.

നിന്റടുത്തു മാത്രമേയുള്ളൂ എന്ന കൗണ്ടറിന് ചിരി തന്നെ മറുപടി.

പറ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ??

എന്നത്തേയും പോലെ സുഖമാണ് സന്തോഷമായിരിക്കുന്നു, മോനിന്ന് വെക്കേഷന്‍ കഴിഞ്ഞു മടങ്ങിപോകുന്നു, ആനന്ദും മോളും അവനെ കൊണ്ടാക്കാന്‍ പോയി. എന്നോടും ചെല്ലാന്‍ പറഞ്ഞതാ.., എനിക്കവന്‍ പോകുന്നത് കണ്ടാ സഹിക്കില്ല, കരച്ചില് വരും, അതുകൊണ്ട് നല്ല സുഖമില്ലെന്നും പറഞ്ഞു അവരെ പറഞ്ഞയച്ചു. വെറുതേയിരുന്നപ്പോ പെട്ടെന്ന് നിന്നെയോര്‍ത്തു. അതാ വിളിച്ചത്.

‘അപ്പൊ വെറുതെയിരിക്കുമ്പോളൊക്കെ എന്റെ ഓര്‍മയാണല്ലേ’
എന്ന ചോദ്യത്തിന്

‘അല്ലടാ.., എല്ലായിപ്പോഴും നിന്റെ ഓര്‍മ തന്നെയാണ്. എന്താ സന്തോഷമായോ’ എന്നു കൗണ്ടര്‍.

‘വയസ് നാല്‍പത്തി എട്ടായിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടാ’ എന്നവള്‍.

‘നിന്റടുത്തു മാത്രേ ഉള്ളൂ’ എന്ന് ഞാനും

പറയ്, എന്തൊക്കെയാ നിന്റെ വാര്‍ത്തകള്‍?

സുഖമായിരിക്കുന്നു..
കഴിഞ്ഞാഴ്ച്ച മോളുണ്ടായിരുന്നു കൂടെ..
അവള് മിനിഞ്ഞാന്ന് പോയി.
പറയുമ്പോ JNU വിലെ ഡിഗ്രി സ്റ്റുഡന്റ് ആണ്.
വല്യ ആക്ടിവിസ്റ്റ് ആണ്.
എന്നാലും ഇവിടെ എന്റടുത്തു വരുമ്പോ പൂച്ചക്കുട്ടി ആവും.
എന്റെ പിന്നാലെ കുറുകി കുറുകി നടക്കും
പോകാന്‍ നേരം ഭയങ്കര കരച്ചിലായിരുന്നു.

അപ്പായ്ക്ക് എന്നെ ഇഷ്ടല്ല. ഇഷ്ടാണേ അപ്പാ ഡല്‍ഹിയില്‍ എന്റടുത്തു വന്നു നിക്കൂല്ലാരുന്നോ..
അപ്പായ്ക്ക് ഇവിടെ നിക്കണം,
അപ്പാടെ ആ പഴേ ലവര്‍നോടുള്ള ഇഷ്ടം എന്നോടില്ല. എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം കെട്ടിപ്പിടിച്ചു കരച്ചില്‍..
അവസാനം ഒരു വിധം ഉന്തിതള്ളി എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കി.

‘അപ്പായും മോളും ഇപ്പോളും എന്റെ കാര്യം പറഞ്ഞു വഴക്കിടാറുണ്ടോ’ ??

താരയുടെ ചോദ്യം

വഴക്കൊന്നും അല്ലടോ, അവള്‍ക്ക് തന്നെ ഭയങ്കര ഇഷ്ടാണ്..
അവളുടെ അപ്പാടെ സ്‌നേഹം മൊത്തം അവള്‍ക്ക് കിട്ടാത്തതിന്റെ ദേഷ്യം ഇങ്ങനെയൊക്കെയല്ലേ കാണിക്കാന്‍ പറ്റൂ,
പിന്നെ എന്റടുത്തൂന്ന് പോകുന്നതിന്റെ സങ്കടോം…

ഉം…
താര നീട്ടിയൊന്ന് മൂളി.

പിന്നെ??
പുതിയ പുസ്തകം??, സിനിമ ??
എന്തേലും ഉടനെ ഉണ്ടാകുമോ?? പുസ്തകം ഒരെണ്ണം വരുന്നുണ്ടെന്ന് പത്രത്തില്‍ കണ്ടു ?

‘ഇല്ലടോ, അതാ പുസ്തകക്കമ്പനിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൊടുത്തതാ..’ ഒരു വരി പോലും എഴുതിയിട്ടില്ല. വൈകാതെ എഴുതിതുടങ്ങണം.
12 കൊല്ലമായി ആ ബുക്ക് എഴുതിയിട്ട്..
25 എഡിഷന്‍ കഴിഞ്ഞു
അത്യാവശ്യം പൈസ അതീന്ന് കിട്ടുന്നുണ്ട്…

ചെയ്ത നാല് സിനിമകളും ഇന്നും ആളുകള്‍ ആസ്വദിച്ചു കാണുന്നുണ്ട്.
അതൊക്കെത്തന്നെയല്ലേ സന്തോഷം..

എന്നാലും എങ്ങനെയാടാ ഇങ്ങനെ ഒറ്റക്ക്…
ഇതിപ്പോ എത്ര വര്‍ഷമായി…

താരയുടെ ശബ്ദത്തില്‍ സങ്കടം.

ശീലമായെടോ..
പിന്നെ എന്റെ സന്തോഷങ്ങളുടെ താക്കോല്‍ നിങ്ങള് കുറച്ചാളുകളുടെ കൈയ്യിലല്ലേ.
താന്‍, ന്റെ മോള്, പിന്നെ കുറച്ചു കൂട്ടുകാര്…
പുസ്തകം വായിച്ചും സിനിമ കണ്ടും എന്നെ തേടി വരുന്ന കുറച്ചു ആളുകള്‍..
ഈ ജീവിതം ഇങ്ങനെയൊക്കെയങ്ങു പോകും.

‘നീ ഇപ്പൊ ഒരുപാട് മാറിയിട്ടുണ്ട്.
ശബ്ദത്തിലൊരു സന്തോഷമൊക്കെ ഫീല്‍ ചെയ്യുന്നുണ്ട്.
എന്നും ഇങ്ങനെയൊക്കെ കണ്ടാല്‍ മതി.’

താരാ,
നീയോര്‍ക്കുന്നുണ്ടോ ഞാന്‍ ആത്മഹത്യാശ്രമം പരാജയപെട്ടു ആശുപത്രിയില്‍ കിടക്കുമ്പോ നീയെന്നെ വിളിച്ചത്.
അന്ന് നീ പറഞ്ഞു

‘നീ എന്തിനാ ഇങ്ങനെ മണ്ടത്തരം ചെയ്തത്?
നീ എങ്ങനെ വേണേലും ജീവിക്ക്.
നീ എവിടെയോ ജീവിച്ചിരിക്കുന്നു എന്നതാണ് എന്റെയും സന്തോഷം
എന്നൊക്കെ പറഞ്ഞു നീ വല്ലാത്ത മോട്ടിവേഷന്‍ ക്ലാസ്.
അന്ന് നീ ഫോണ്‍ വച്ചു കഴിഞ്ഞപ്പോ എനിക്കും തോന്നി,
മരിക്കാറായിട്ടില്ല..
ജീവിക്കണം എന്നൊക്കെ…
അതിന്റെ ബാക്കി പത്രമാണ് ഇപ്പോളത്തെ ഈ ജീവിതവും പുസ്തകവും സിനിമകളുമൊക്കെ..
താങ്ക്‌സ് താരാ…

ബോറാക്കതെടാ ചെറുക്കാ…
താരയുടെ ശബ്ദത്തിന് നാണം കലര്‍ന്ന കപടഗൗരവം.

ഈ നാല്‍പ്പത്തിയെട്ടാം വയസിലും എന്നെ ചെറുക്കാന്നു വിളിക്കുന്ന ഒരേ ഒരാള് നീയാണ്. അതും അന്ന് കോളേജില്‍ പഠിക്കുമ്പോ വിളിക്കുന്ന അതേ ഫീലോടെ..

മതീ മതീ..
നിന്നോട് ഇനീം സംസാരിച്ചാല്‍ നീ പഴേ കോളേജ് കഥകള്‍ മൊത്തം എടുത്തിടും.
ഓവറാക്കി ചളമാക്കും.
ഞാന്‍ വയ്ക്കട്ടെ.
ആനന്ദിനെ വിളിക്കണം.
ഷോപ്പില്‍ പോണം. ആനന്ദില്ലെങ്കില്‍ ജോലിക്കാര്‍ ഉടായിപ്പ് കാണിക്കും.
ഞാനേ പഴേ ഞാനല്ല ഇരുപതും ഇരുപത്തിമൂന്നും വയസുള്ള രണ്ടു പിള്ളേരുടെ അമ്മയാണ്..
അപ്പൊ വയ്ക്കട്ടെ…

ഇടക്ക് വല്ലപ്പോഴും വിളിക്കൂ…

ആലോചിക്കാം…

ജാഡക്ക് ഒരു കുറവുമില്ലല്ലോടെ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി മറുപടിയായി തന്ന് താര ഫോണ്‍ വച്ചു.

ഞാന്‍ മൊബൈല്‍ സ്‌ക്രീനിലേക്കും നോക്കി എന്തോ ഓര്‍ത്തുകൊണ്ടിരുന്നു.

അപ്പോളും പിന്നണിയില്‍ റാഫി സാബ് പാടിക്കൊണ്ടിരുന്നു.

ജല്‍ത്തെ ഹേ ജിസ്‌ക്കേ ലിയേ,
തേരി ആങ്കോ കെ ലിയേ…….

Story Highlights Ente santhoshangalude thakkol – story

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top