Advertisement

പാലക്കാടിന്‌ പെരുമയേകി പാറക്കാട്ട്‌ തറവാട്

January 6, 2022
Google News 4 minutes Read
parakkattu family house

..

സായ്‌നാഥ് മേനോൻ

ഏരിയ സെയിൽസ് മാനേജർ ( കെഇഐ ഇൻഡസ്ട്രീസ് ലിമിറ്റഡ്)

കേരളത്തിലെ ഏറ്റവും പ്രസിദ്ധരായ മേനോൻ (കിരിയത്ത്‌ നായർ)തറവാടുകളിൽ / പരമ്പരയിൽ ഒന്നാണു പാലക്കാട്‌ ജില്ലയിൽ, തത്തമംഗലം, കിഴക്കേതറയിൽ സ്ഥിതി ചെയ്യുന്ന പാറക്കാട്ട്‌ തറവാട്‌. പഴയ ജന്മി തറവാടായിരുന്നു പാറക്കാട്ട്‌ തറവാട്ടുകാർ., ജ്യോതിഷപണ്ഠിതരുടെ കണക്ക്‌ പ്രകാരം എഴുനൂറിലധികം വർഷം പഴക്കമുണ്ട്‌ ഈ തറവാടിനു. മുന്നൂറു കൊല്ലങ്ങൾക്ക്‌ മുന്നെ ഉള്ള രേഖകളിൽ പാറക്കാട്ട്‌ തറവാടിനെക്കുറിച്ചു പറയുന്നത്‌ കൊണ്ട്‌ , നൂറ്റാണ്ടുകൾക്ക്‌ മുന്നെ തന്നെ ഈ പരമ്പര തത്തമംഗലത്ത്‌ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം. നൂറു വർഷങ്ങൾക്ക്‌ മുന്നെ ഉള്ള രേഖയിൽ പൊൽപുള്ളിയിൽ ഉണ്ടായിരുന്ന ഒടുങ്ങാട്ട്‌ തറവാട്‌ ,പെരുവെമ്പിൽ ഉണ്ടായിരുന്ന മൂർക്കനാട്ട്‌ തറവാട്‌ , പാലത്തുള്ളിയിൽ ഉണ്ടായിരുന്ന തോട്ടശ്ശീരി തറവാട്‌ , എന്നീ മൂന്നു പരമ്പരകളും തത്തമംഗലം പാറക്കാട്ട്‌ തറവാടിൽ ചേർന്നുള്ളതാണെന്ന് സൂചിപ്പിക്കുന്നു. (parakkattu family house )

വല്ലിയൊരു പരമ്പരയാണു പാറക്കാട്ടുകാരുടേത്‌. ഇത്രയും ആഴത്തിൽ വേരുകളുള്ള തറവാടുകൾ വിരളമാണു, ലോകത്തിൽ പലഭാഗത്തും ഇവരുടെ പരമ്പരയിലെ അംഗങ്ങൾ സ്ഥിരവാസപ്പുറപ്പിച്ചിട്ടുണ്ട്‌. അവരെ എല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണു തത്തമംഗലത്ത്‌ പാറക്കാട്ട്‌ തറവാട്ടിലുള്ളവർകൊച്ചി രാജവംശത്തിന്റെ കീഴിൽ തത്തമംഗലം, ചിറ്റൂർ , എന്നീ ഭാഗങ്ങൾ വന്ന മുതൽ തന്നെ പാറക്കാട്ട്‌ തറവാട്‌ തത്തമംഗലത്തിൽ ഉണ്ടായിരുന്നു. കൊച്ചി രാജവംശവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു പാറക്കാട്ട്‌ തറവാട്ടുകാർ , ദേശത്തിലെ നാടുവാഴികളായി ഈ തറവാട്ടുകാരെ കൊച്ചി തമ്പുരാൻ ഏർപ്പാടാക്കി, മേനോൻ സ്ഥാനം നൽകി ആദരിച്ചു. കൊച്ചി രാജാവ്‌ പാലോട്‌ , മാങ്ങോട്‌ , തുടങ്ങി പതിനെട്ടര കോടുകളുടെ ( ഓട്‌ എന്നു പേർ വച്ചാവസാനിക്കുന്ന സ്ഥലങ്ങൾ) ഭരണം പാറക്കാട്ട്‌ തറവാട്ടുകാരെ ഏൽപ്പിച്ചു എന്നു ചരിത്രം. നോക്കെത്താ ദൂരത്തോളം കൃഷിക്കുടമസ്ഥരായിരുന്നു ഇവർ. തത്തമംഗലം,പൊൽപ്പുള്ളി , പെരുവെമ്പ്‌, നന്ദിയോട്‌( ഈ സ്ഥലം കൊച്ചി രാജവംശം നൽകിയതാണു) , പാറക്കാട്ട്‌ ചള്ള, എന്നീ സ്ഥലങ്ങളിൽ ഇവർക്ക്‌ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു. അവിടുത്തെ ഭൂരിഭാഗം കൃഷിസ്ഥലങ്ങളും ഇവരുടെതായിരുന്നു.അഗ്രഹാരങ്ങളും , പഴയ തറവാടുകളും , കാവുകളും , ഒക്കെയുള്ള അതിമനോഹരമായ ഗ്രാമമാണു തത്തമംഗലം.തത്തമംഗലത്തിന്റെ അഴകിനു മാറ്റുകൂട്ടുന്നു പാറക്കാട്ട്‌ തറവാട്‌ സമുച്ചയം. നാലുകെട്ടാണീ തറവാട്‌ .

parakkattu family house

200 അധികം വർഷം പഴക്കമുണ്ട്‌ ഈ തറവാടിനു , പണ്ട്‌ ഇപ്പോൾ കാണുന്ന തറവാടിനു അടുത്തായി എട്ടുകെട്ടായിരുന്നുത്രെ പാറക്കാട്ട്‌ തറവാട്‌ . നൂറ്റാണ്ടുകൾക്ക്‌ മുന്നെയുള്ള കാര്യമാണെ. ഇന്നു ആ എട്ടുകെട്ടില്ലാ. അതിമനോഹരമായ പുറത്തളവും, കൊത്തുപണികൾ നിറഞ്ഞ വാതിലും, മോഹിപ്പിക്കുന്ന കാഴ്ച തന്നെ. രവിവർമ്മ ചിത്രങ്ങളാലും, ദൈവങ്ങളുടെ ചിത്രങ്ങളാലും അലങ്കരിച്ച മനോഹരമായ പുറത്തളം.

പുറത്തളത്തോട്‌ ചേർന്ന തട്ടിൽ പഞ്ചപാണ്ഡവരെയും , ദ്രൗപദിയെയും , ശ്രീകൃഷ്ണനെയും, കൊത്തിവച്ചിട്ടുണ്ട്‌. അത്‌ പോലെ പ്രധാന വാതിലിനു മുകളിലായി ശ്രീരാമപട്ടാഭിഷേകം കൊത്തി വച്ചിരിക്കുന്ന കാഴ്ച്ചയും നമ്മുടെ മനസ്സ്‌ നിറയ്ക്കും, പഴയ വാസ്തുവിദഗ്ദ്ധരുടെ കഴിവ്‌ അപാരം തന്നെ . പറയാതിരിക്കാൻ വയ്യാ. തേക്ക്‌ മരമാണു വീട്‌ നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്‌. അതി മനോഹരമായ നടുമുറ്റവും, നടുമുറ്റത്തിൽ തുളസിത്തറയും,‌ രണ്ട്‌ നിലകളിലായി പതിനെട്ടോളം മുറികളും , മച്ചും, പടിപ്പുര കമാനവും, അടങ്ങിയതാണീ തറവാട്‌ .

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

തറവാടിനോട്‌ ചേർന്നു ഗണപതി ക്ഷേത്രവും, സർപ്പക്കാവും, അയ്യപ്പ ക്ഷേത്രവും , രണ്ട്‌ കുളങ്ങളും ഉണ്ട്‌. പണ്ട്‌ ഈ നാലുകെട്ടിനോട്‌ ചേർന്ന് മൂന്ന് പത്തായപ്പുരകളും, അഗ്രശാലയും , ഉണ്ടായിരുന്നു , കാലാന്തരത്തിൽ അതെല്ലാം മാഞ്ഞു പോയി . തറവാട്ടിലെ മുറികൾ എല്ലാം ഉയരം കുറഞ്ഞതും, തട്ടിട്ടതുമാണു , അതു കൊണ്ട്‌ റൂമിൽ എല്ലാം നല്ല തണുപ്പനുഭവപ്പെട്ടിരുന്നു. ഇന്നും ആൾ താമസമുള്ള നാലുകെട്ടിൽ ഒന്നാണു പാറക്കാട്ട്‌ തറവാട്‌.പാറക്കാട്ട്‌ തറവാട്ടിലെ മച്ചിനു പ്രത്യേകതകൾ അനവധിയാണു, ഇത്ര ഗംഭീരമായ മച്ച്‌ ഞാൻ വേറെ ഒരു തറവാട്ടിലും കണ്ടിട്ടില്ലാ . സാക്ഷാൽ കാഞ്ചി കാമാക്ഷിയാണു മച്ചിൽ കുടിയിരുത്തിയിരിക്കുന്നത്‌.

parakkattu family house

അതിനു പിന്നിൽ ഒരു കഥയുണ്ട്‌ , നൂറ്റാണ്ടുകൾക്ക്‌ മുന്നെ തറവാട്ടിലെ കാരണവർ കാഞ്ചിപുരം കാമാക്ഷിയെ തൊഴാൻ പോയെന്നും , അദ്ദേഹത്തിന്റെ ഭക്തിയിൽ സം പ്രീതയായ ദേവിയുടെ ചൈതന്യം അദ്ദേഹത്തിന്റെ പട്ടക്കുടയിൽ ചേർന്ന് തറവാട്ടിലേക്ക്‌ വന്നു എന്നും ഐതിഹ്യം. ശ്രീചക്രത്തിലാണു കാഞ്ചി കാമാക്ഷി ചൈതന്യം കുടിയിരിത്തിരിക്കുന്നത്‌. മച്ചിന്റെ ഉള്ളിൽ കാമാക്ഷിയുടെ അതി മനോഹരമായ ഗോളകയും ശ്രീചക്രവും വച്ചാരാധിക്കുന്നു.

കൂടെ ഗുരുകാരണവന്മാരെയും കുടിയിരുത്തിയിട്ടുണ്ട്‌. എല്ലാ മാസവും പൗണ്ണമി ദിനത്തിൽ മച്ചിൽ കാഞ്ചി കാമാക്ഷിക്ക്‌ ബ്രാഹ്മണ പൂജയുണ്ട്‌. മച്ചിൽ കെടാവിളക്കുമുണ്ട്‌ .‌ പാറക്കാട്ട്‌ തറവാട്ടുകാരുടെ കുലദേവത സാക്ഷാൽ അഭീഷ്ട വരദായനിയായ കാഞ്ചി കാമാക്ഷി ദേവി തന്നെ. അതി മനോഹരമായി , ശ്രീകോവിൽ പോലെ പണിത്‌, ഗ്രിൽ വച്ച്‌ ഒരു അമ്പലം പോലെ തറവാട്ടുകാർ മച്ചിൽ ഭഗവതിയെ കുടിവച്ച്‌ ആരാധിക്കുന്നത്‌ കണ്ടപ്പോൾ മനസ്സ്‌ നിറഞ്ഞു. ഇന്നത്തെ കാലത്ത്‌ ഇത്തരം കാഴ്ച്ചകൾ വിരളമാണെ.

parakkattu family house

പാറക്കാട്ടുകാരുടെ ആ നല്ല മനസ്സിനു സ്തുതി .പ്രത്യേകം എടുത്ത പറയേണ്ട ഒരു കാര്യം, ചിത്രക്കാരനും ശിൽപ്പിയുമായ ശ്രീ ഷഡാനൻ ആനിക്കത്ത്‌ അദ്ദേഹത്തിന്റെ കലാസൃഷ്ടി മച്ചിന്റെ വാതിലിനു മുകളിൽ നമുക്കു കാണാം .അഞ്ച്‌ താവഴികളിലായി അഞ്ഞൂറിലധികം അംഗങ്ങൾ ഉള്ള വല്ലിയ പരമ്പരയാണു പാറക്കാട്ട്‌ തറവാട്‌ പരമ്പര. നാലു താവഴികൾക്ക്‌ ചെമട്ടിയം കാവാണു അടിമക്കാവ്‌, ഒരു താവഴിയ്ക്ക്‌ പെരുവെമ്പ്‌ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രമാണു അടിമക്കാവ്‌.തത്തമംഗലം ദേശത്തെ കണ്ണ്യാർക്കളിക്ക്‌ (പാലക്കാടിന്റെ സ്വന്തം അനുഷ്ഠാനകലയാണു കണ്ണ്യാർക്കളി)നേതൃത്വം നൽകുന്നവരിൽ പ്രധാനികളാണു പാറക്കാട്ടുകാർ.

parakkattu family house

മേടമാസം വിഷുകഴിഞ്ഞു നടക്കുന്ന മൂന്നു ദിവസത്തെ കണ്ണ്യാർക്കളിയിൽ , പാറക്കാട്ട്‌ തറവാട്ട്‌ മച്ചിലെ ദേവിയെ ദേശക്കാർ വന്ന് തൊഴുത്‌ ,തറവാട്ട്‌ കാരണവരെയും ആനയിച്ച്‌ , കളി നടക്കുന്ന ശ്രീകുറുംബ കാവിലേക്ക്‌ കൊണ്ട്‌ പോകും . അങ്ങനെ ദേശത്തിലെ കണ്ണ്യാർക്കളി തുടങ്ങുകയായി.ആദ്യമേ ഞാൻ സൂചിപ്പിച്ചല്ലോ പാറക്കാട്ട്‌ തറവാട്ടുകാർക്ക്‌ കൊച്ചി രാജവംശവുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന്.

സ്വാതന്ത്ര്യത്തിനു മുന്നെ തന്നെ പാറക്കാട്ട്‌ തറവാട്ടുകാരുടെ പ്രശസ്തി കേരളമാകമാനം, പരന്നിരുന്നു. അതു പോലെ തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെട്ടിരുന്ന പല മഹത്‌ വ്യക്തികളും ഈ തറവാടിൽ നിന്നുണ്ടായിരുന്നു.

parakkattu family house

അവരിലേക്ക്‌ നമുക്കൊന്നു കണ്ണോടിക്കാം കൊച്ചി സംസ്ഥാനത്തിലെ ദിവാൻ പേഷ്കാർ ആയിരുന്ന ശ്രീ പാറക്കാട്ട്‌ ദാമോദര മേനോൻ ,കൊച്ചി മഹാരാജാവായിരുന്നു ഹൈനസ്സ്‌ കുഞ്ഞപ്പൻ തമ്പുരാൻ ( 1943-1946) അദ്ദേഹത്തിന്റെ പത്നി ശ്രീ പാറക്കാട്ട്‌ കാമാക്ഷി നേത്യാർ( പാറക്കാട്ട്‌ ശ്രീ ദാമോദരൻ മേനോൻ അവർ കളുടെ സഹോദരി- ശ്രീ ദാമോദര മേനോൻ അവർകൾ വളരെ പ്രസിദ്ധനായിരുന്നു.

അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമായാണു കൊച്ചി രാജവംശം വിലയിരുത്തുന്നത്‌) പാറക്കാട്ട്‌ ശ്രീ അച്യത മേനോൻ (ICS – former Indian ambassador )പാറക്കാട്ട്‌ ശ്രീ മാധവ മേനോൻ( ICS former secretary, ministry of labour and employment ,govt of India former director of ILO -പാറക്കാട്ട്‌ അച്യതമേനോൻ , പാറക്കാട്ട്‌ മാധവമേനോൻ എന്നിവരെക്കുറിച്ച്‌ പ്രമാദമായ ഡോകുമെന്റ്സ്‌ ഗൂഗിളിൽ കാണാനിടായായി)പാറക്കാട്ട്‌ ശ്രീ ചന്ദ്രശേഖര മേനോൻ (ICS) ഹൈക്കോർട്ട്‌ ജഡ്ജ്ജായിരുന്ന ശ്രീ പാറക്കാട്ട്‌ ദേവകിനന്ദനൻ മേനോൻ ( പാറക്കാട്ട്‌ ശ്രീ കാമാക്ഷി നേത്യാരുടെ പുത്രൻ-ഇദ്ദേഹത്തിന്റെ സത്യസന്ധതയിൽ , നീതിബോധത്തിൽ ആകൃഷ്ടനായ ശ്രീ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ തന്റെ ഭരണക്കാലത്ത്‌ ദേവകി നന്ദനമേനോൻ അവർകളെ വിജിലൻസ്‌ വിഭാഗത്തിൽ പ്രത്യേക പദവി നൽകി ആദരിച്ചു) തത്തമംഗലത്തെ ജനങ്ങൾക്കിടയിൽ സർവ്വസമ്മതനായ പാറക്കാട്ട്‌ ശ്രീ ചെന്താമര മേനോൻ ,ശ്രീ മുരളിധരൻ മേനോൻ( സിനിമ നിർമ്മാതാവും, പ്രശസ്ത സിനിമാ നടി അമ്പാട്ട്‌ വിധുബാല അവർകളുടെ ഭർത്താവുമാണു)‌ ശ്രീ രഘു കുമാർ മേനോൻ ( സിനിമാ സംഗീത സംവിധായകൻ ആയിരുന്നു) പ്രശസ്ത സംഗീതജ്ഞനായ ശ്രീവൽസൻ ജെ മേനോൻ എന്നിങ്ങനെ അനവധി പേർ കേരളത്തിലും , ഇന്ത്യയിലും, ഇന്ത്യയ്ക്ക്‌ പുറത്തുമായി വെന്നിക്കൊടി പാറിച്ച്‌ പാറക്കോട്ട്‌ തറവാടിന്റെ, അന്തസ്സിനു മാറ്റു കൂട്ടി.

ഞാൻ മനസ്സിലാക്കിയതിൽ ഇത്രയും ICS ക്കാർ ഒക്കെ ഉള്ള തറവാട്‌ വളരെ വിരളമാണു കേരളത്തിൽ. ഇനിയും ഈ ലിസ്റ്റിൽ ചേർക്കാൻ പേരുകൾ ഉണ്ടാകും അതുറപ്പാണു , കാരണം ഇനിയും മുഴുവൻ ആയിട്ടില്ലാ പാറക്കാട്ട്‌ പരമ്പരയിലെ വേരുകളുടെ ഉറവിടം തേടിയുള്ള യാത്ര.നമ്മുടെ നാടിനു പെരുമയേകിയ അനവധി പ്രഗത്ഭരെ ജന്മം കൊടുത്ത നാടാണു പാലക്കാട്‌ , അതിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു തറവാടാണു പാറക്കാട്ട്‌ തറവാട്‌ .

എത്ര പ്രഗത്ഭരായ വ്യക്തികളാണു ഈ തറവാട്ടിൽ ഭൂജാതരായിരുന്നത്‌. ഇതെല്ലാം നമ്മൾ അറിയേണ്ട കാര്യങ്ങളാണു . നമ്മുടെ അറിവിലേയ്ക്കൊരു മുതൽ കൂട്ടാണു. ഭാവിയിൽ സമൂഹത്തിലെ അഗതികൾക്ക്‌ ആശ്വാസമാകുന്ന ഒരു വല്ലിയ പദ്ധതിയുമായി മുന്നോട്ട്‌ പോവുകയാണീ തറവാട്ടുകാർ .

പണ്ട്‌ അഗതികൾക്ക്‌ മൂന്നു നേരം ഭക്ഷ്ണം എല്ലാം കൊടുത്ത തറവാടാണല്ലോ, ആ നന്മയുടെ വെളിച്ചം ഞാൻ ഈ തലമുറയിലും കാണുന്നു.പാലക്കാടിനു പെരുമയേകിയ പാറക്കാട്ട്‌ തറവാട ഇനിയും അനവധി കാലം പേരും പേരുമയോടെ നിൽക്കട്ടെ എന്നു ഞാനാശംസിക്കുന്നു.

പാറക്കാട്ട്‌ തറവാട്ടിൽ ചെന്നപ്പോൾ എന്നെ സ്വീകരിച്ചിരുത്തി , ക്ഷമയോടെ തറവാട്‌ കാണിച്ച്‌ തന്നു ,തറവാടിന്റെ ചരിത്രം പറഞ്ഞു തന്ന, ശ്രീ പാറക്കാട്ട്‌ ശിവകുമാർ മേനോൻ അങ്കിളിനോടും ( തിരിച്ചു പോകും നേരം അദ്ദേഹം എനിക്ക്‌ അവരുടെ പരദേവതയായ ശ്രീ കാഞ്ചികാമാക്ഷിയുടെ ചിത്രവും, രാജാരവിവർമ്മ വരച്ച വിത്യസ്തമായ ഒരു ചിത്രവും എനിക്കു സമ്മാനിച്ചു .

വിലമതിക്കാനാകാത്ത സമ്മാനങ്ങൾ) മറ്റു വിവരങ്ങൾ പറഞ്ഞു തന്ന പാറക്കാട്ട്‌ തറവാട്ടിലെ ബന്ധുകൂടിയായ ശ്രീ കെ എം.കെ ദാസ്‌ അങ്കിളിനോടും, എല്ലാത്തിനും ഉപരി തീർത്തും അപരിചിതനായ എനിക്കു , പാറക്കാട്ട്‌ തറവാടിനു കൊച്ചി രാജവംശവുമായിള്ള ബന്ധം പറഞ്ഞു തന്ന , രണ്ട് വർഷം മുന്നേ ഇഹലോകവാസം വെടിഞ്ഞ കൊച്ചി രാജവംശത്തിലെ വല്ലിയമ്മ തമ്പുരാനായ ശ്രീ ഹൈമവതി തമ്പുരാൻ അവർകൾക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു .മൂന്ന് വർഷം മുന്നേ വല്ലിയമ്മ തമ്പുരാനെ ഞാൻ എന്റെ ആവശ്യവുമായി ഫോണിൽ കോണ്ടാക്ട്‌ ചെയ്തപ്പോൾ ഒരു മടിയും കൂടാതെ എനിക്കു വേണ്ട കാര്യങ്ങൾ തേടിപ്പിടിച്ചു പറഞ്ഞു തന്നു .

മൂന്നു പ്രാവശ്യം ഞാൻ വിത്യസ്തമായ ദിവസങ്ങളിൽ വല്ലിയമ്മ തമ്പുരാനെ വിളിച്ചു , ഒരു നീരസവും കൂടാതെ , എന്റെ ഉദ്യമത്തിനെ അഭിനന്ദിച്ച്‌ എനിക്കു ഒരുപാട്‌ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്നു .ആഡ്യത്വം ,രാജകീയത എല്ലാം ആ മഹാമനസ്കതയിലൂടെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.വല്ലിയമ്മ തമ്പുരാനെ ഞാൻ എന്റെ മനസ്സ്‌ കൊണ്ട്‌ നമസ്ക്കരിക്കുന്നു.എല്ലാവർക്കും നന്ദി.(വല്ലിയമ്മ തമ്പുരാനിലേക്ക്‌ എന്നെ നയിച്ച ശ്രീ രമേശൻ തമ്പുരാനും നന്ദി).സായിനാഥ്‌ മേനോൻ.

Story Highlights : parakkattu family house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here