ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾക്ക് എംജി യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഉന്നത വിജയം

‘വീട്ടിലെ ബുദ്ധിമുട്ടുകൾ ഒരു ഘട്ടത്തിൽ പഠനം നിർത്തിയാലോ എന്നു വരെ ചിന്തിപ്പിച്ചു. എന്നാൽ, അധ്യാപകരും സഹപാഠികളും തന്ന ഊർജം മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു. കഠിനാധ്വാനം ചെയ്തു. ഒടുവിലത് ഫലം കണ്ടു’… എംജി യൂണിവേഴ്‌സിറ്റി ബിഎ ആർക്കിയോളജി ആന്റ് ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മകൾ പായൽ കുമാരിയുടെ വാക്കുകളാണിത്.
ബിഹാറിലെ ഷെയ്ക്ക്പുരിയിലെ ഗോസായ്മതി സ്വദേശിയാണ് പ്രമോദ് കുമാർ. വർഷങ്ങൾക്ക് മുൻപാണ് പ്രമോദ് കുമാർ ജോലി തേടി കുടുംബവുമൊത്ത് എറണാകുളത്ത് എത്തുന്നത്. വീട്ടു ജോലിക്കാരനായ പ്രമോദ് കുമാർ പരിമിതികൾക്കിടയിലും മക്കൾക്ക് വിദ്യാഭ്യാസം നൽകി. അത് വെറുതായില്ലെന്ന് മാത്രമല്ല… മുന്നോട്ടുള്ള ജീവിതത്തിന് പുത്തൻ പ്രതീക്ഷകളാണ് ആ തീരുമാനംകൊണ്ടു കൈവന്നത്.
പ്രമോദ് കുമാറിന്റെയും ഭാര്യ ബിന്ദു ദേവിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെവളാണ് പായൽ കുമാരി. പെരുമ്പാവൂർ മാർത്തോമ വനിത കോളജിലെ വിദ്യാർത്ഥിയായ പായൽ കുമാരി 85 ശതമാനം മാർക്കോടെയാണ് ബിഎ ആർക്കിയോളജി ആന്റ് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയത്.
നേരത്തെ പത്താം ക്ലാസ് പരീക്ഷയിൽ പായൽ 85 ശതമാനം മാർക്ക് നേടിയാണ് പായൽ വിജയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷയിലും 95 ശതമാനം മാർക്ക് ലഭിച്ചിരുന്നു.
മകളുടെ നേട്ടത്തിൽ നിറഞ്ഞ സന്തോഷമുണ്ടെന്ന് ഈ ബീഹാറി കുടുംബം പറയുന്നു. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിലൂടെ അവർക്ക് മികച്ചൊരു ജവിതം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. തുടർന്നും മകളെ പഠിപ്പിക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥയാക്കണമെന്നാണ് ആഗ്രഹമെന്ന് പ്രമോദ് കുമാറും ഭാര്യയും പറയുന്നു.
Story Highlights – High pass in MG University exam for daughter of an out-of-state worker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here