പ്രതിരോധം ശക്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; സന്ദീപ് സിംഗ് ടീമിലെത്തി

Sandeep Singh

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരനായ പ്രതിരോധ താരമാണ് സന്ദീപ്.

ക്ലബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു. ടീമിനെ കാണാനും വരാനിരിക്കുന്ന സീസണില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും കാത്തിരിക്കുകയാണ്. ആരാധകര്‍ എല്ലായ്‌പ്പോഴും ടീമിന് വലിയ പിന്തുണയാണ് നല്‍കുന്നത്. ആ പിന്തുണ നേടുവാനും അവര്‍ക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് സിംഗ് പറഞ്ഞു.

ഐ-ലീഗില്‍ നിരവധി മത്സരങ്ങള്‍ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

ഷില്ലോംഗ് ലജോംഗ് അക്കാഡമിയില്‍ നിന്നാണ് സന്ദീപ് സിംഗ് തന്റെ കരിയര്‍ തുടങ്ങുന്നത്. 2014 ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അടുത്ത വര്‍ഷം പൂനെ എഫ്സിക്കെതിരെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2018-19 ഐഎസ്എല്‍ സീസണില്‍ എടികെ എഫ്‌സിയില്‍ എത്തി. കഴിഞ്ഞ ഐ-ലീഗ് സീസണില്‍ ട്രാവു എഫ്സിക്കായി എട്ടു മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

Story Highlights Sandeep Singh joins kerala Blasters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top