പിതാവിനെ സഹായിച്ച സുഹൃത്തിനെ തേടി മക്കളെത്തി; 35 വർഷം മുൻപത്തെ കടം വീട്ടാൻ

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പിതാവിനെ സാമ്പത്തികമായി സഹായിച്ച സുഹൃത്തിനെ തേടി മക്കൾ എത്തി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി പരേതനായ അബ്ദുറഹ്മാന്റെ മക്കളാണ് കടം വീടാൻ പിതാവിന്റെ സുഹൃത്ത് അബ്ദുറഹ്മാൻകുട്ടി ഹാജിയെ തേടിയെത്തിയത്.
മുപ്പതിയഞ്ച് വർഷങ്ങൾക്ക് മുൻപ് ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് അവധിക്ക് വരുമ്പോൾ കൽപകഞ്ചേരിക്കാരൻ അബ്ദുറഹ്മാന് കുറച്ച് സാമ്പത്തിക ആവശ്യം ഉണ്ടായിരുന്നു. കൂട്ടുകാരനായ നന്നമ്പ്രക്കാരൻ അബ്ദുറഹ്മാൻകുട്ടി ഹാജി പണം നൽകി സഹായിച്ചു. അബ്ദുറഹ്മാൻ അവധി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പക്ഷേ അബ്ദുറഹ്മാൻ ഹാജി അബുദാബിയിലേക്ക് പോയിരുന്നു. ദീർഘകാലം അന്വേഷിച്ചിട്ടും അബ്ദുറഹ്മാന് കൂട്ടുകാരനെ കണ്ടെത്താനായില്ല. സുഹൃത്തിനെ കുറിച്ചും അദ്ദേഹം ചെയ്ത സഹായത്തെ കുറിച്ചും അബ്ദുറഹ്മാൻകുട്ടി മക്കളായ നാസറോടും ശുഹൈബിനോടും പറഞ്ഞിരുന്നു. കൊടിഞ്ഞിക്കാരനാണ് ഹാജിയെന്ന് മാത്രമായിരുന്നു കൃത്യമായി അറിയുന്ന വിവരം. കൈയിലുണ്ടായിരുന്ന വിവരംവച്ച് നാസറും ശുഹൈബും അബ്ദുറഹ്മാൻകുട്ടി ഹാജിയെ തേടിയിറങ്ങി. ഒരുപാട് അലഞ്ഞ ശേഷമാണ് പിതാവിന്റെ സുഹൃത്തിനെ കണ്ടെത്തിയത്.
സുഹൃത്തിന്റെ മക്കൾ തേടിയെത്തിയത് അബ്ദുറഹ്മാൻകുട്ടി ഹാജിയെ സന്തുഷ്ടനാക്കി. എന്നാൽ അവർ നൽകിയ പണം സ്വീകരിക്കാൻ അബ്ദുറഹ്മാൻകുട്ടി ഹാജി തയ്യാറായില്ല. മനസ് നിറയെ സ്‌നേഹം നൽകി നാസറിനേയും ശുഹൈബിനേയും തിരിച്ചയക്കുകയാണ് അബ്ദുറഹ്മാൻകുട്ടി ഹാജി ചെയ്തത്.
Story Highlights – Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here