ബൈജു ഇനിയും ജീവിക്കും; അഞ്ച് പേരിലൂടെ

സന്നദ്ധ പ്രവർത്തകനായ ബൈജു ഇനിയും അനേകം പേരിലൂടെ ജീവിക്കും. ഈ 37കാരൻ വിട പറഞ്ഞപ്പോൾ ജന്മനാടായ കണ്ണൂരിലെ മട്ടന്നൂരിന് ദുഃഖമായിരുന്നു. എന്നാൽ ഇപ്പോൾ നാടിന് തന്നെ മികച്ചൊരു മാതൃക സൃഷ്ടിച്ചാണ് ബൈജു കടന്നുപോകുന്നത്.

കണ്ണൂർ മട്ടന്നൂർ കൊതേരി കപ്പണയിൽ ഹൗസിൽ ടി ബൈജു (37) എന്ന സന്നദ്ധ പ്രവർത്തകൻ വിട പറയുമ്പോൾ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്ത ദാനം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവർത്തകൻ കൂടിയായിരുന്നു. അഞ്ച് പേർക്ക് പുതുജീവിതം നൽകിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്.

Read Also : കൊല്ലത്ത് നിർധനരായ കുടുംബത്തിന് വീടൊരുങ്ങി; വെർച്ച്വൽ താക്കോൽ ദാനം നിർവഹിച്ച് ആർ ശ്രീകണ്ഠൻ നായർ

കഴിഞ്ഞ 19ാം തിയതിയാണ് സംഭവമുണ്ടായത്. കട്ടിലിൽ കിടന്ന് ഫോൺ ചെയ്യുകയായിരുന്ന ബൈജു കട്ടിലിൽ നിന്ന് താഴെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് എകെജി ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് സ്ഥലം എംഎൽഎ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഇടപെട്ട് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് മന്ത്രി കെ കെ ശൈലജയും പ്രശ്‌നത്തിലിടപെട്ടു. ജീവൻ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങൾ നടത്തിയെങ്കിലും ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎൻഒഎസ്) വഴിയാണ് അവയവ ദാനം നടത്തിയത്. കരൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, രണ്ട് വൃക്കകൾ എറണാകുളം വിപിഎസ് ലോക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും, രണ്ട് നേത്രപടലം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കുമാണ് ദാനം ചെയ്തത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ബൈജുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബൈജുവിന്റെ വിയോഗം അത്യധികം വേദനയുളവാക്കുന്നതാണ് മന്ത്രി പറഞ്ഞു. നാട്ടുകാരനെന്ന നിലയിൽ ബൈജുവുമായി നല്ല ബന്ധമുണ്ട്. സിപിഐഎം പാർട്ടി അംഗം എന്ന നിലയിലും യുവജന സംഘടനാ പ്രവർത്തകനെന്ന നിലയിലും വലിയ സന്നദ്ധ പ്രവർത്തനങ്ങളാണ് ബൈജു നടത്തിയിട്ടുള്ളത്. അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ട് വന്ന ബൈജുവിന്റെ കുടുംബാഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

കണ്ണൂർ എയർപോർട്ടിലെ ജിവനക്കാരനാണ് ടി ബൈജു. പരേതരായ ശങ്കുണ്ണി, മാധവി എന്നിവരാണ് മാതാപിതാക്കൾ. ആറ് മക്കളിൽ അഞ്ചാമത്തെ സഹോദരനാണ് ബൈജു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം വൈകിട്ട് പൊതുശ്മശാനത്തിൽ നടക്കും.

Story Highlights biju mattannur, organ donation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top