Advertisement

നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തില്‍

August 24, 2020
Google News 1 minute Read

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. സഭയില്‍ ബഹളം വച്ച പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. രണ്ടരമണിക്കൂറിലധികം നീണ്ട മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധവുമായാണ് പ്രതിപക്ഷം നടത്തുളത്തില്‍ ഇറങ്ങിയത്. മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി മറുപടി പ്രസംഗം തുടരുകയാണ്.

ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ അതിലൊന്നിലും വികസന, ക്ഷേമ പദ്ധതികളില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അത് പ്രതിപക്ഷത്തിന് അമ്പരപ്പ് ഉണ്ടാക്കി. അവര്‍ക്ക് ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍, വികസനം മുരടിച്ചുപോകും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെട്ടു. ആ നിലയ്ക്ക് അവരില്‍ തന്നെ അവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ കൊടുങ്കാറ്റ് ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. വിശ്വാസ്യമായ ഒരു കാര്യവും അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. യുഡിഎഫിനോടൊപ്പം ഉണ്ടായിരുന്നവര്‍ വിഘടിച്ചുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മുന്‍പ് ഉണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെടുന്ന അവസ്ഥയാണ് അവര്‍ക്ക്. നിയമസഭയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടുപോയിരിക്കുന്നു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 91 സീറ്റായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോള്‍ 93 ആയി. ഇത് ജനങ്ങളുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്. ജനവിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടായത് യുഡിഎഫിനാണ്. ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നവരില്‍ യുഡിഎഫിന് വിശ്വാസമില്ലെന്നാണ് പ്രശ്‌നം. ജനങ്ങളെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നത് തങ്ങളുടേത് തന്നെയാണെന്ന് മനസിലാക്കാന്‍ പ്രതിപക്ഷത്തിനാകുമായിരുന്നു.

കോണ്‍ഗ്രസിലെ നേതാക്കള്‍ പരസ്പരം വിശേഷിപ്പിക്കുന്നത് ബിജെപി ഏജന്റുമാരാണെന്നാണ്. അതിന്റെ പേരില്‍ താന്‍ അങ്ങനെയല്ല എന്ന് കബില്‍ സിബില്‍ പരസ്യമായി പറയുകയും ഒടുവില്‍ അത് പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറയ്ക്കുമീതെ മേല്‍ക്കൂര നിലംപറ്റിയ നിലയിലാണ്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here