നിയമസഭയിൽ വിപ്പ് ലംഘനം : പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ

നിയമസഭയിൽ വിപ്പ് ലംഘനം ഉണ്ടായതോടെ കേരള കോൺഗ്രസിലെ തർക്കം നിയമ പോരാട്ടത്തിലേക്ക്. സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. ജോസ് വിഭാഗം എംഎൽഎമാർ ചെയ്തത് വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെ ജോസ് കെ മാണി പക്ഷത്തോട് മൃദുസമീപനവുമായി മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തി.
യുഡിഎഫ് വോട്ട് നേടി വിജയിച്ച റോഷി അഗസ്റ്റിനും, എൻ ജയരാജും അവിശ്വാസ പ്രമേയം, രാജ്യസഭാ തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിൽ വിപ്പ് ലംഘിച്ചെന്നാണ് പിജെ ജോസഫ് ആരോപിച്ചത്. ഇരുവരും നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ രണ്ടു മാസം മുമ്പ് മുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും, ഇപ്പോൾ യുഡിഎഫ് നാടകം കളിക്കുകയാണെന്നും ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തെ ചൊല്ലിയാണ് പുറത്താക്കൽ എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. ഇരുവിഭാഗവും കൂറുമാറ്റ നിരോധന നിയമം ഉൾപ്പെടെ പയറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ പരാതി ലഭിച്ചാൽ വിഷയം പരിശോധിക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ജോസ് പക്ഷത്തിനെതിരെ യുഡിഎഫ് നടപടി ഉണ്ടാകുമെന്ന് സൂചന നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതിനിടെ ജോസ് കെ മാണിക്ക് അനുകൂലമായ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം ഉണ്ടാകുമെന്ന് ജോസ് കെ മാണി സൂചന നൽകിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Story Highlights – sreeramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here