മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയാണ് മരിച്ചത്. 65 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ആസ്മ, വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് നാലാമത്തെ കൊവിഡ് മരണമാണ്. കാസർഗോഡാണ് ഒടുവിലായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന് നേരത്തെ കൊവിഡ് ബാധിച്ച് രോഗം ഭേദമായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുല്ലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്തും മലപ്പുറത്തുമാണ് നേരത്തെ കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി ആണ് മരിച്ചത്. 80 വയസായിരുന്നു ഇദ്ദേഹത്തിന്. ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബൂബക്കർ ഹാജിക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു.
Story Highlights – malappuram reports covid death again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here