അമേരിക്കയിൽ കറുത്തവർഗക്കാരന് നേരെ വീണ്ടും പൊലീസ് വെടിവയ്പ്; പ്രതിഷേധം ശക്തമാകുന്നു

അമേരിക്കയിൽ വീണ്ടും പൊലീസിന്റെ വംശവെറി. കറുത്ത വർഗക്കാരനായ യുവാവിന് നേരെ പൊലീസ് വെടിയുതിർത്തു. ജേക്കബ് ബ്ലേയ്ക്ക് (29)എന്ന യുവാവാണ് പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. വിസ്‌കോൺസിനിലെ കെനോഷയിലാണ് സംഭവം.

ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. വെടിവയ്പിൽ ബ്ലേയ്ക്കിന് ഗുരുതര പരുക്കേറ്റു. അരയ്ക്ക് താഴേയ്ക്ക് തളർന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ബ്ലേയ്ക്ക്. പൊലീസ് അതിക്രമത്തിന് പിന്നാലെ കെനോഷയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം തുടരുകയാണ്. അമേരിക്കൻ ആഫ്രിക്കൻ വംശജർക്കെതിരെ നടക്കുന്ന വംശവെറിയുടെ അടുത്ത ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് രണ്ടദിവസമായി തെരുവിലെത്തിയത്. ഇതോടെ അമേരിക്കൻ തെരുവുകൾ വീണ്ടും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളാൽ നിറഞ്ഞു.

സംഘർഷ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചതായി ഗവർണർ ടോണി എവേർസ് പറഞ്ഞു. തെരുവുകളിൽ കെട്ടിടങ്ങൾ പലകും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സുരക്ഷാ ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് വിസ്‌കോൺസിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെയ് 25ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തി പൊലീസ് കൊലപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Story Highlights Gun shot, USA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top