കൊവിഡ് നിരുപദ്രവകാരിയായ രോഗമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം: മുഖ്യമന്ത്രി

covid

കൊവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാല്‍ വന്നു പോയാലും കുഴപ്പമില്ല എന്നുമുള്ള അപകടകരമായ ഒരു പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു ധാരണ ആളുകളില്‍ പ്രബലമാകുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനമെന്നാല്‍ ഏതാണ്ട് മൂന്നര ലക്ഷമാണെന്ന് ഓര്‍ക്കണം. അതിന്റെ പകുതിയാണെങ്കില്‍ പോലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിച്ചു നോക്കുക. അതുപോലൊരു സാഹചര്യം അനുവദിക്കാന്‍ സാധിക്കുമോ എന്നാണ് ഈ പ്രചരണം നടത്തുന്നവര്‍ ആലോചിക്കേണ്ടത്. അതിലുപരി, മരണനിരക്ക് എത്ര ചെറുതാണെങ്കില്‍ പോലും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണങ്ങളുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും.

ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചു കൊണ്ട് ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അതിനിടയില്‍ അനിവാര്യമായി. കുറേയധികം ഇളവുകള്‍ അതിന്റെ ഭാഗമായി നല്‍കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഈ സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ പ്രവര്‍ത്തനങ്ങളും ജാഗ്രതയും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോയേ തീരൂ. ജീവന്റെ വിലയുള്ള ജാഗ്രത എന്ന കാമ്പയിന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം അതാണ്. അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്‌കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid, cm pinarayi vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top