Advertisement

50,000 പേര്‍ക്ക് തൊഴില്‍; ‘അതിജീവനം കേരളീയം’ പദ്ധതിയുമായി സര്‍ക്കാര്‍

August 27, 2020
Google News 1 minute Read
job

കുടുംബശ്രീ വഴി 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി ‘അതിജീവനം കേരളീയം’ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്‌മെന്റ്് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവ കേരളം പദ്ധതി (60 കോടി)

10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. പട്ടികവര്‍ഗവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യ യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് , കൗണ്‍സിലിംഗ്, ട്രാക്കിംഗ് (ഒരു വര്‍ഷം) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

Read Also : രോഗികളുടെ എണ്ണം എട്ടുമടങ്ങായി വര്‍ധിച്ചാലും ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്: മുഖ്യമന്ത്രി

കണക്ട് ടു വര്‍ക്ക്

തൊഴില്‍ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതിനു കഴിയാത്തതിനാല്‍ തൊഴില്‍ ലഭിക്കാതെ പോകുന്ന ധാരാളം യുവതീയുവാക്കള്‍ ഉണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ഇത്തരം യുവതീ യുവാക്കളുടെ മൃദുനൈപുണികള്‍ (സോഫ്റ്റ് സ്‌കില്‍) വികസിപ്പിക്കുക, അവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക ഈ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് ‘കണക്ട് ടു വര്‍ക്ക്.’ 5,000 ത്തോളം യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഇവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരള സംരംഭകത്വ വികസന പദ്ധതി

തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളില്‍ 16,800 പുതിയ സംരഭങ്ങള്‍ ആരംഭിക്കും. ഏകദേശം 20,000 ത്തോളം ആളുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗങ്ങളാകാം. സംരഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. വ്യക്തിഗത സംരഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

എറൈസ് പദ്ധതി

2020-21 സാമ്പത്തിക വര്‍ഷം 10,000 യുവതീ യുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീ യുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി വേഗത്തില്‍ വേതനം ലഭിക്കുന്ന തൊഴില്‍ (വേജ് എംപ്ലോയ്‌മെന്റ്്) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 2018-19 വര്‍ഷത്തിലാണ് ‘എറൈസ്’ പ്രോഗ്രാം ആരംഭിച്ചത്.

സൂക്ഷ്മ സംരംഭക വികസന പദ്ധതി

ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here